ന്യൂദല്‍ഹി: രാജ്യത്തെ എട്ടു ലക്ഷത്തിലേറെ കോളേജ് അധ്യാപകര്‍ക്ക് ആഹ്ലാദം പകരുന്ന വാര്‍ത്ത ഉടന്‍ വന്നേക്കും. ഇവരുടെ ശമ്പളത്തില്‍ വന്‍ വര്‍ധനയ്‌ക്ക് ശുപാര്‍ശ ചെയ്യുന്ന യുജിസിയുടെ റിപ്പോര്‍ട്ട് കേന്ദ്ര മന്ത്രിസഭ വൈകാതെ പരിഗണിക്കും. ശുപാര്‍ശയ്‌ക്ക് അംഗീകാരം നല്‍കാണ് സാധ്യത.
അടിസ്ഥാന ശമ്പളത്തില്‍ ആറായിരം രൂപയുടെ വ്യത്യാസം വരുന്ന തരത്തിലാണ് ശുപാര്‍ശ. ഇതോടെ അസിസ്റ്റന്റ് പ്രഫസറുടെ ശമ്പളം 10,396 രൂപ വര്‍ധിക്കും. അസോസിയേറ്റ് പ്രഫസറുടെ ശമ്പളത്തില്‍ 23,662 രൂപയുടെ വര്‍ധനവാണുണ്ടാവുക.
2006ലാണ് കോളേജ് അധ്യാപകരുടെ ശമ്പള നിരക്ക് ഒടുവില്‍ പരിഷ്‌കരിച്ചത്. ഇത്തവണ 22 മുതല്‍ 28 ശതമാനം വരെ വര്‍ധനയ്‌ക്കാണ് ശുപാര്‍ശ. യുജിസി റിപ്പോര്‍ട്ട് ഈ മാസം തന്നെ കേന്ദ്ര മന്ത്രിസഭ പരിഗണിക്കും. ശുപാര്‍ശ അംഗീകരിക്കുമെന്നുറപ്പാണെന്നാണ് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.
കഴിഞ്ഞ ഫെബ്രുവരിയിലാണ് യുജിസി പാനല്‍ റിപ്പോര്‍ട്ടു സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടു സമര്‍പ്പിച്ചിട്ടും ഏഴാം ശമ്പളക്കമ്മീഷന്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് സമരം ആരംഭിക്കുമെന്ന് കോളേജ് അധ്യാപക സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായത്തില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്കുള്ള ശമ്പള വര്‍ധനവിനു സമര്‍പ്പിച്ചിരുന്ന റിപ്പോര്‍ട്ടും മന്ത്രിസഭ പരിഗണിക്കും.
ഈ റിപ്പോര്‍ട്ടുകള്‍ അംഗീകരിച്ചാല്‍ അടുത്ത മൂന്നു വര്‍ഷത്തേക്ക് 70,000 കോടി രൂപയുടെ അധിക ബാധ്യതയാണുണ്ടാവുക. ഇത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുല്യമായി പങ്കിടും. യുജിസി അംഗം വി.എസ്. ചൗഹാന്റെ നേതൃത്വത്തിലുള്ള പാനലാണ് ശമ്പള പരിഷ്‌കാരത്തിന്റെ റിപ്പോര്‍ട്ടു സമര്‍പ്പിച്ചത്. പിന്നീട് മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ മറ്റൊരു സമിതി ഈ റിപ്പോര്‍ട്ട് വിലയിരുത്തിയിരുന്നു. അധ്യാപകരുടെ പ്രവര്‍ത്തനമികവു വിലയിരുത്തുന്ന രീതിയിലും മാറ്റം വേണമെന്ന് ശുപാര്‍ശയിലുണ്ട്. ഇപ്പോഴുള്ള പോയിന്റ് രീതിയില്‍ നിന്ന് ഗ്രേഡിങ് സംവിധാനത്തിലേയ്‌ക്ക് മാറും.
















