കല്യാശ്ശേരി: കല്യാശ്ശേരിയില്‍ അടച്ചുപൂട്ടിയ എ വണ്‍ മാര്‍ബിള്‍സിലെ തൊഴിലാളികള്‍ ആനുകൂല്യത്തിനായി ഇന്ന് മുതല്‍ അനിശ്ചിതകാല സമരം തുടങ്ങും. കമ്പനിയിലുണ്ടായിരുന്ന 75ല്‍ പരം തൊഴിലാളികളെ വഴിയാധാരമാക്കി കമ്പനി മാനേജ്‌മെന്റ് കമ്പനിസ്ഥലം വില്‍ക്കാന്‍ ശ്രമം നടത്തുന്നതായി എ വണ്‍ മാര്‍ബിള്‍സ് സ്റ്റാഫ് അസോസിയേഷന്‍ (സി.ഐ.ടി.യു.) ഭാരവാഹികള്‍ കുറ്റപ്പെടുത്തി. ആനുകൂല്യങ്ങള്‍ നല്‍കാത്തപക്ഷം അനിശ്ചിതകാലസമരം തുടങ്ങുമെന്നും യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു.
നിയമാനുസൃതമായ ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് പറഞ്ഞാണ് നിരവധി തൊഴിലാളികള്‍ കമ്പനിയില്‍നിന്നു പിരിഞ്ഞുപോയത്. എന്നാല്‍, കമ്പനി പൂട്ടി ഒരുവര്‍ഷമായിട്ടും ഒരു ആനുകൂല്യംപോലും നല്‍കാന്‍ മാനേജ്‌മെന്റ് തയ്യാറായിട്ടില്ല. കമ്പനിയില്‍ ജോലിചെയ്യുന്നതിനിടെ 2015ല്‍ ബൈക്ക് അപകടത്തില്‍ മരിച്ച കാട്യം സ്വദേശി പട്ടേരി അനീഷിന്റെ ഇന്‍ഷുറന്‍സ് ആനുകൂല്യം പോലും മാനേജ്‌മെന്റിന്റെ പിടിപ്പുകേട് മൂലം ലഭിച്ചിട്ടില്ലന്നും തൊഴിലാളിനേതാക്കള്‍ കുറ്റപ്പെടുത്തി.
കൃത്യസമയത്ത് തൊഴിലാളിയുടെ ഇന്‍ഷുറന്‍സ് അടയ്‌ക്കുന്നതില്‍ മാനേജ്‌മെന്റ് വീഴ്ച വരുത്തിയതാണ് മരിച്ച തൊഴിലാളിക്കുപോലും വിനയായത്. കൂടാതെ ആ തൊഴിലാളി മരിക്കുന്ന മാസം ജോലി ചെയ്ത ദിവസത്തെ വേതനംപോലും നല്‍കാതെ അനീഷിന്റെ കുടുംബത്തെ വഞ്ചിച്ചതായും തൊഴിലാളിനേതാക്കള്‍ പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് സിപിഎം നേതൃത്വത്തിന്റെ പിന്തുണയോടെ വയല്‍ നികത്തി മാര്‍ബിള്‍ ഷോപ്പ് ആരംഭിച്ചത് ഏറെ വിവാദമായിരുന്നു. വിവാദത്തോടെ ആരംഭിച്ച് ഒടുവില്‍ ഷോറൂം അടച്ചു പൂട്ടിയതോടെ തൊഴിലാളികള്‍ വഴിയാധാരമായിരിക്കുകയാണ്.
















