തിരുനെല്ലി: കര്‍ക്കടക ബലിതര്‍പ്പണത്തിന് തിരുനെല്ലിയില്‍ ഗതാഗത നിയന്ത്രണം. ബലിതര്‍പ്പണത്തിന് തിരുനെല്ലിയിലേക്ക് വരുന്നവര്‍ സ്വകാര്യ വാഹനങ്ങള്‍ കാട്ടിക്കുളത്ത് പാര്‍ക്ക് ചെയ്യണം. വാഹനങ്ങള്‍ കടത്തിവിടില്ല. ഇവര്‍ക്കായി കെഎസ്ആര്‍ടിസി ബസ്സുകള്‍ കാട്ടിക്കുളത്ത് നിന്ന് ക്ഷേത്ര പരിസരം വരെ തുടര്‍ച്ചയായി സര്‍വീസ് നടത്തും.
വന്‍തോതില്‍ വാഹനങ്ങളെത്തുന്നത് ഗതാഗതതടസ്സമുണ്ടാക്കാന്‍ സാധ്യതയുള്ളതിനാലാണ് നിയന്ത്രണം. തീര്‍ത്ഥാടകര്‍ക്ക് വേണ്ട സൗകര്യങ്ങളും കാട്ടിക്കുളത്ത് ഏര്‍പ്പെടുത്തും. ശൗചാലയങ്ങളും കുടിവെള്ള സൗകര്യങ്ങളും ഒരുക്കും.
കാട്ടിക്കുളത്തും തിരുനെല്ലി ക്ഷേത്ര പരിസരത്തും ആരോഗ്യ വകുപ്പിന്റെ മെഡിക്കല്‍ ക്യാമ്പുണ്ടാകും. 24 മണിക്കൂര്‍ ആംബുലന്‍സ് സൗകര്യവും ഡോക്ടര്‍മാരുടെ മുഴുവന്‍ സമയ സേവനവും ക്രമീകരിച്ചിട്ടുണ്ട്. കടകളില്‍ ഭക്ഷ്യ സുരക്ഷാ അധികൃതര്‍ പ്രത്യേക പരിശോധന നടത്തും. കുടിവെള്ളവും പരിശോധിക്കും.
കര്‍ക്കടകവാവിന് മുന്നോടിയായി തീര്‍ത്ഥാടക കേന്ദ്രങ്ങളിലേക്കുള്ള പാതയോരങ്ങളിലെ കാടുകള്‍ വെട്ടാനും കുഴികളടയ്‌ക്കാനും, താത്കാലിക സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കാനും പൊതുമരാമത്ത് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇവിടങ്ങളില്‍ മാലിന്യ നിര്‍മ്മാര്‍ജനത്തിനായി ഇന്‍സിനേറ്റര്‍ പോലുള്ള ശാസ്ത്രീയ മാര്‍ഗങ്ങള്‍ സ്വീകരിക്കും.
തീര്‍ത്ഥാടകര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറുകള്‍ പ്രദര്‍ശിപ്പിക്കും. സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് ഒരു ഡിവൈഎസ്പി നേതൃത്വം നല്‍കും.
















