തലശ്ശേരി: അകന്നുപോകുന്ന ഗുരുശിഷ്യ ബന്ധം ഇന്ന് സമൂഹത്തില്‍ പലരീതിയിലുളള മൂല്യച്യുതികള്‍ക്ക് കാരണമായിട്ടുണ്ടെന്നും സനാതനപാതയില്‍ സഞ്ചരിക്കാതെ സമാധാനം കൈവരിക്കാന്‍ കഴിയില്ലെന്നും കര്‍ണാടകത്തിലെ നിരവധി ക്ഷേത്രങ്ങളുടെ തന്ത്രി സോമേശ്വര ഭട്ട് അഭിപ്രായപ്പെട്ടു. ആഷാഡമാസത്തിലെ പൗര്‍ണമിദിനമായ വേദവ്യാസമഹര്‍ഷി ജനിച്ച ദിനം ഗുരുപൂര്‍ണിമ ദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ധര്‍മ്മടം ചന്ദ്രക്കലാ മോഹന്റാവു കള്‍ച്ചറല്‍ ഫോറം ഇന്നലെ നടത്തിയ ഗുരുപൂര്‍ണിമ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു തന്ത്രി. വസന്ത് വി.കമ്മത്ത് മുഖ്യപ്രഭാഷണം നടത്തി. പ്രകാശ് കമ്മത്ത്, സുരേഷ് റാവു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഇതോടനുബന്ധിച്ച് ഗുരുപൂജ, വേദപഠനം, ഗുരുദക്ഷിണ, ഭജന, മധുരപലഹാര വിതരണം എന്നിവയുമുണ്ടായി.
















