തളിപ്പറമ്പ്: പോര്‍ച്ചുഗല്‍ അന്താരാഷ്‌ട്ര സമ്മേളനത്തില്‍ കേരള വികസന മാതൃക ചര്‍ച്ച ചെയ്യും. ജനാധിപത്യവും പങ്കാളിത്തവും ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ എന്ന വിഷയത്തെ ആസ്പദമാക്കി 12 മുതല്‍ 16 വരെ പോര്‍ച്ചുഗലിലെ ലിസ്ബണ്‍ യൂണിവേഴ്‌സിറ്റിയിലാണ് അന്താരാഷ്‌ട്ര സമ്മേളനം നടക്കുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് മുന്‍ കില ഡയരക്ടറും കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം വിദഗ്‌ദ്ധസമിതി അംഗവുമായ ഡോ.പി.പി.ബാലന്‍ പങ്കെടുക്കും. കേരള മാതൃക സെഷന്‍ ഡോ.പി.പി.ബാലന്റെ അധ്യക്ഷതയിലാണ് നടക്കുന്നത്. പങ്കാളിത്ത വികസനത്തിലെ കേരള മാതൃക ചര്‍ച്ച ചെയ്യുന്നതിന് പ്രത്യേക സെഷന്‍ തന്നെ സമ്മേളനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതി, തളിപ്പറമ്പ് നഗരസഭ നടപ്പിലാക്കുന്ന ശിശുസൗഹൃദ നഗരം, ചപ്പാരപ്പടവ് പഞ്ചായത്തിന്റെ പൈതൃക സംരക്ഷണം തുടങ്ങി കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പിലാക്കിയിട്ടുള്ള മാതൃകാ പദ്ധതികള്‍ ചര്‍ച്ച ചെയ്യപ്പെടും. ഇന്റര്‍നാഷണല്‍ സോഷ്യോളജിക്കല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പരിപാടിയില്‍ നൂറോളം രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തിലേറെ വിദഗ്‌ദ്ധന്‍മാര്‍ പങ്കെടുക്കും. അധികാര വികേന്ദ്രീകരണത്തിലെ കേരള മാതൃക ചര്‍ച്ചചെയ്യാന്‍ ഡോ.പി.പി.ബാലന്‍ സന്ദര്‍ശിക്കുന്ന 23-ാമത് രാജ്യമാണ് പോര്‍ച്ചുഗല്‍. നേരത്തെ ശ്രീലങ്കന്‍ സര്‍ക്കാര്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഉപദേശകനായി ഇദ്ദേഹത്തെ നിയമിച്ചിരുന്നു.
















