ആലപ്പുഴ: ചരക്കുസേവന നികുതി നിലവില്‍ വന്നതോടെ പ്രസിദ്ധമായ നെഹ്‌റു ട്രോഫി ജലമേളയുടെ ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ദ്ധനവ്. ഇത് മേളയെ ബാധിക്കുമോയെന്ന ആശങ്കയിലാണ് സംഘാടകര്‍. കഴിഞ്ഞ തവണ 2,500 രൂപ ചാര്‍ജ്ജുണ്ടായിരുന്ന ടിക്കറ്റിന് ഇക്കുറി 3,000 രൂപയാകും.
നഗരസഭയ്‌ക്ക് ഇതുവരെ 15 ശതമാനമാണ് വിനോദ നികുതി നല്‍കിയിരുന്നത്. ജിഎസ്ടി നടപ്പിലായതോടെ 28 ശതമാനമായി. ടിക്കറ്റ് നിരക്കില്‍ 400 മുതല്‍ 600 രൂപ വരെ വര്‍ദ്ധനവാണ് ഉണ്ടാവുക. ഇത് ടിക്കറ്റ് വില്പനയെ കാര്യമായി ബാധിക്കുമെന്ന കണക്കുകൂട്ടലാണ്.
കഴിഞ്ഞ ജലമേളയില്‍ 2,500 രൂപ വിലയുള്ള ടൂറിസ്റ്റ് ഗോള്‍ഡ് ടിക്കറ്റിന് 500 രൂപയാണ് വര്‍ദ്ധിച്ചത്.
ഇത് വിനോദസഞ്ചാരികളെ മേളയില്‍ നിന്നകറ്റുമെന്ന് ടൂറിസ്റ്റ് ഓപ്പറേറ്റര്‍മാര്‍ പറയുന്നു. വിനോദസഞ്ചാരികളില്‍ വലിയ വിഭാഗവും ചെറിയ നിരക്കുള്ള ടിക്കറ്റുകളോടാണ് താത്പര്യം. വളരെ ചെറിയ വിഭാഗം വിനോദസഞ്ചാരികള്‍ മാത്രമാണ് ടൂറിസ്റ്റ് ഗോള്‍ഡ് ടിക്കറ്റുകള്‍ വാങ്ങാറുള്ളൂ. 600 രൂപയുടെ സില്‍വര്‍ ടിക്കറ്റിന് 2,000 രൂപയായി വര്‍ദ്ധിച്ചു. റോസ് കോര്‍ണര്‍ ടിക്കറ്റിന് 1,000 രൂപയുമാണ് വില.
സര്‍ക്കാര്‍ ഓഫീസുകള്‍ വഴി അന്യ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വില്‍ക്കുന്നത്. കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിലാണ് ടിക്കറ്റ് വില്പന കാര്യമായി നടക്കുന്നത്. മുന്‍ വര്‍ഷങ്ങളേക്കാള്‍ വൈകി ടിക്കറ്റ് വിതരണം നടന്നതും വില്പനയെ ബാധിക്കും. മുന്‍കാലങ്ങളില്‍ ജൂണ്‍ അവസാനത്തോടെ ടിക്കറ്റുകള്‍ വിവിധ ജില്ലകളിലെത്തിക്കുകയാണ് പതിവ്. ജിഎസ്ടിയുടെ വരവിനെത്തുടര്‍ന്നാണ് ടിക്കറ്റ് അച്ചടി വൈകിയത്.
നെഹ്‌റുട്രോഫി ജലമേള കാണാനെത്തുന്നവര്‍ ടിക്കറ്റ് നിരക്ക് നോക്കാറില്ലെന്നും അതുകൊണ്ട് ടിക്കറ്റ് വിലവര്‍ദ്ധനവ് കാര്യമായി ബാധിക്കില്ലെന്നുമാണ് ബോട്ട് റേസ് സൊസൈറ്റി അവകാശപ്പെടുന്നത്. ആഗസ്റ്റ് രണ്ടാം ശനിയാഴ്ച പുന്നമട കായലിലാണ് ജലമേള.
















