മുക്കം: കാരശ്ശേരി പഞ്ചായത്തിലെ ഗെയ്റ്റും പടിതൊണ്ടിമ്മല്‍ റോഡില്‍ തലയും കൈകാലുകളും വെട്ടിമാറ്റിയ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം ആസൂത്രിത കൊലപാതകമെന്ന് പോലീസ് നിഗമനം. രണ്ട് ആഴ്ചയോളം പഴക്കമുള്ള മനുഷ്യ ഉടലാണ് അറവ് മാലിന്യത്തോടൊപ്പം ചാക്കില്‍ കെട്ടി റോഡില്‍ തള്ളിയ നിലയില്‍ കണ്ടെത്തിയത്.
മൃതദേഹം അഴുകിയ നിലയിലായിരുന്നു.റോഡിന്റ ഇരുവശത്തും റബ്ബര്‍ തോട്ടങ്ങളായതിനാല്‍ ജനവാസം കുറവായ ഇവിടം മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് പതിവാണ്. ഇത് മറയാക്കിയാണ് അറവ് കേന്ദ്രങ്ങളില്‍ നിന്നുള്ള അവശിഷ്ടങ്ങളോടൊപ്പം തലയും കൈകാലുകളും വെട്ടിമാറ്റിയ നിലയില്‍ മൃതദേഹം തള്ളിയത്.
രണ്ടാഴ്ചക്ക് മുമ്പാണ് രണ്ടു ചാക്കുകളില്‍ നിറയെ മാലിന്യങ്ങള്‍ റോഡരികിലെ കുറ്റിക്കാട്ടില്‍ തള്ളിയതായി ശ്രദ്ധയില്‍പ്പെട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. സ്ഥിരമായി കോഴി വേസ്റ്റ് അടക്കമുള്ള അറവ് ശാലകളിലെ മാലിന്യങ്ങള്‍ തള്ളുന്നതിനാല്‍ രൂക്ഷമായ ദുര്‍ഗന്ധം വമിച്ചിട്ടും നാട്ടുകാര്‍ ഇത് വലിയ കാര്യമായെടുത്തില്ല. എന്നാല്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ചാക്കില്‍ നിന്ന് ജീര്‍ണിച്ച മാലിന്യങ്ങള്‍ നായ്‌ക്കള്‍ കടിച്ച് വലിച്ച് റോഡിലേക്കിട്ടതോടെ റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുകയും ഇതിനെ തുടര്‍ന്ന് ഇത് ചത്ത പന്നിയാണെന്ന ധാരണയില്‍ നാട്ടുകാര്‍ സംസ്‌കരിക്കാനായി തയ്യാറാവുകയായിരുന്നു. അതിനിടെ സംശയം തോന്നിയ നാട്ടുകാര്‍ ഇത് മറിച്ചിട്ടതോടെ പൊക്കിളും ജനനേന്ദ്രിയവും പുറത്ത് കാണുകയും ഉടന്‍ മുക്കം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി പരിശോധിച്ചതോടെയാണ് ഇത് മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. നിരവധി പ്ലാസ്റ്റിക് കവറുകള്‍ കൊണ്ട് പൊതിഞ്ഞാണ് മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ചത്. അതിനാല്‍ അഴുകിയിട്ടും വലിയ തോതിലുള്ള ദുര്‍ഗന്ധം പുറത്തേക്ക് അനുഭവപ്പെട്ടിരുന്നില്ല. സംഭവമറിഞ്ഞ് നൂറുകണക്കിന് ആളുകള്‍ സ്ഥലത്ത് തടിച്ച് കൂടിയിരുന്നു.
















