തിരുവനന്തപുരം: അടിയന്തിര ആവശ്യങ്ങള്‍ക്കായി നഗരത്തില്‍ എത്തുന്ന സ്ത്രീകള്‍ക്ക് താമസസൗകര്യം ഏര്‍പ്പെടുത്തുന്നതിനായി ‘വണ്‍ ഡേ ഹോം ‘ സ്ഥാപിക്കുമെന്ന് മന്ത്രി കെ.കെ.ശൈലജ. നഗരത്തില്‍ പൈലറ്റടിസ്ഥാനത്തില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതിക്ക് തമ്പാനൂര്‍ കെഎസ്ആര്‍ടിസി ടെര്‍മിനല്‍ സ്റ്റേഷനില്‍ ഉള്ള കെട്ടിടസമുച്ചയത്തിലെ എട്ടാം നിലയില്‍ സ്ഥലം തെരെഞ്ഞെടുത്തു. വിവിധ ആവശ്യങ്ങള്‍ക്കായി നഗരത്തിലെത്തുന്ന സ്ത്രീകള്‍ രാത്രികാലങ്ങളില്‍ അഭയസ്ഥാനമന്വേഷിച്ച് വകുപ്പിന്റെ വിവിധ ക്ഷേമ സ്ഥാപനങ്ങളില്‍ വരുന്നുണ്ടെങ്കിലും നിയമപ്രകാരം ഇവരെ പാര്‍പ്പിക്കാന്‍ ഇപ്പോള്‍ കഴിയുന്നില്ല. നഗരസഭയുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
















