ന്യൂദല്‍ഹി: ദൃശ്യമാധ്യമങ്ങളുടെ അധിക്ഷേപാര്‍ഹമായ ഉള്ളടക്കവും അനധികൃത ചാനലുകളുടെ പ്രക്ഷേപണവും കര്‍ശനമായി നിയന്ത്രിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതിനായി കേബിള്‍ടിവി നിയമം ഫലപ്രദമായി നടപ്പിലാക്കുമെന്ന് കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.
കേന്ദ്രഭരണ പ്രദേശങ്ങളിലുള്ള വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ മാധ്യമ യൂണിറ്റുകളുടെ പ്രവര്‍ത്തന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രഭരണ പ്രദേശങ്ങളിലെ നിലവിലില്ലാത്ത പ്രസിദ്ധീകരണങ്ങള്‍ തിരിച്ചറിയാന്‍ ജില്ലകളില്‍ അന്വേഷണം നടത്തി നിയമപ്രകാരം ഇത്തരം പ്രസിദ്ധീകരണങ്ങളുടെ പ്രഖ്യാപനം റദ്ദാക്കണമെന്നും വെങ്കയ്യ നായിഡു നിര്‍ദ്ദേശിച്ചു.
ദല്‍ഹിയില്‍ 16, 132 രജിസ്റ്റേര്‍ഡ് പ്രസിദ്ധീകരണങ്ങളില്‍, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 3,704 പ്രസിദ്ധീകരണങ്ങള്‍ മാത്രമാണ് വാര്‍ഷിക വരുമാനം സമര്‍പ്പിച്ചതെന്നും വെങ്കയ്യ ചൂണ്ടിക്കാട്ടി.
















