ന്യൂദല്‍ഹി: കലാപം നേരിടുന്നതിലെ സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറയ്ക്കുന്നതിനും യഥാര്‍ത്ഥ വിഷയത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനുമാണ് തനിക്കെതിരെ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആരോപണം ഉന്നയിക്കുന്നതെന്ന് ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠി. ഭരണഘടനാപരമായ കടമയും പരിധിയും തനിക്കറിയാമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
കലാപം സംബന്ധിച്ച് ത്രിപാഠി തന്നെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് മമത ആരോപിച്ചിരുന്നു. സംസ്ഥാനത്ത് അരാജകത്വമുണ്ടാക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതാണ് ഗവര്‍ണറുടെ നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയും കുറ്റപ്പെടുത്തി.
രാജ്ഭവന് ബിജെപിയുടെ ഓഫീസല്ലെന്ന മമതയുടെ പരാമര്‍ശത്തിന്, രാജ്ഭവന് സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ഓഫീസല്ലെന്ന് ത്രിപാഠി മറുപടി പറഞ്ഞു. തങ്ങളുടെ വിഷമങ്ങളുമായി ഏത് സാധാരണക്കാരനും രാജ്ഭവനിലേക്ക് വരാം. മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തുന്നതോ അപമാനിക്കുന്നതോ ആയ ഒരുവാക്കുപോലും ഉച്ചരിച്ചിട്ടില്ല.
മമതയുടെ ആരോപണം അടിസ്ഥാനമില്ലാത്തതും ജനങ്ങളുടെ വൈകാരികത മുതലെടുക്കാനും ഉദ്ദേശിച്ചാണ്. ഗവര്‍ണര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് മമതയുമായും ത്രിപാഠിയുമായും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഫോണില്‍ ബന്ധെപ്പട്ടിരുന്നു. കലാപം സംബന്ധിച്ച് കേന്ദ്രം സംസ്ഥാനത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
















