ന്യൂദല്‍ഹി: മോദി സര്‍ക്കാരിന്റെ കശ്മീര്‍ നയം വിജയത്തിലേക്ക്. ഭീകര, വിഘടനവാദ സംഘടനകള്‍ക്കും ഭീകരരെ സഹായിക്കുന്നവര്‍ക്കുമെതിരെ നടപടി കടുപ്പിച്ചതോടെ നുഴഞ്ഞുകയറ്റം കുറഞ്ഞു തുടങ്ങി. ഭീകരത അടിച്ചമര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
ഇൗ വര്‍ഷം തുടക്കം മുതല്‍ ജൂലൈ രണ്ടുവരെയായി 92 ഭീകരരെയാണ് സൈന്യം വകവരുത്തിയത്.
2016ല്‍ 79 പേരെയാണ് വധിച്ചത്. ഭീകരവിരുദ്ധപ്പോരാട്ടത്തില് വധിക്കുന്നവരുടെ എണ്ണം കൂടുന്നത് സൈന്യത്തിന്റെ വിജയമാണ്. 2012, 2013 വര്‍ഷങ്ങളില്‍ യുപിഎ സര്‍ക്കര്‍ അധികാരത്തിലിരുന്ന സമയത്തേക്കാള്‍ വലിയ മാറ്റമാണ് ഉണ്ടായത്.
2012ല്‍ 72 ഉം 2013ല്‍ 67 ഉം ഭീകരരെയാണ് കൊന്നതെങ്കില്‍ എന്‍ഡിഎ വന്നതോടെ എണ്ണം ഉയര്‍ന്നു. 2014ല്‍ 110 ഭീകരരെയും 2015ല്‍ 108 ഭീകരരെയും 2016ല്‍ 150 ഭീകരരെയും വധിച്ചു. ഈ വര്‍ഷം ഇതുവരെ 92 പേരെ വകവരുത്തി. ഇനിയും അഞ്ചു മാസം കൂടിയുണ്ട്. മാത്രമല്ല ലഷ്ക്കര്‍, ഹിസ്ബുള്‍ തുടങ്ങിയ ഭീകരസംഘടനകളിലെ കമാന്‍ഡര്‍മാരെ വധിക്കാന്‍ സാധിച്ചു. ഇതുവരെ മൂന്നു പ്രമുഖരെ കൊല്ലാന്‍ സൈന്യത്തിന് കഴിഞ്ഞു. സൈന്യവും കേന്ദ്രവും സംസ്ഥാന സര്‍ക്കാരും രഹസ്യാന്വേഷണ ഏജന്‍സികളും തമ്മിലുള്ള മികച്ച ഏകോപനമാണ് ഈ വിജയത്തിനു കാരണം.
സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയതാണ് സുപ്രധാന കാരണം. ഭീകരരെ പിന്തുടരാനും തടയാനും വ്യാപകമായി തെരച്ചില്‍ നടത്താനും സൈന്യത്തിന് പൂര്‍ണ്ണ അധികാരമാണ് നല്‍കിയത്. കൊല്ലപ്പെട്ട 92 പേരില്‍ പലരും കൊടുംഭീകരരാണ്.
നുഴഞ്ഞുകയറ്റവും കുറഞ്ഞു. 2016ല്‍ മുന്നൂറിലേറെ നുഴഞ്ഞുകയറ്റമാണ് ഉണ്ടായത്. ഈ വര്‍ഷം മെയ് വരെ 124 നുഴഞ്ഞുകയറ്റ ശ്രമങ്ങളാണ് ഉണ്ടായത്. ഇവയിലുള്പ്പെട്ട 124 ഭീകരരില്‍ നല്ലൊരു പങ്കിനെയും കൊന്നുകളഞ്ഞു. സൈന്യത്തിനെതിരായ കല്ലേറും കുറഞ്ഞു.
മോദി-ദോവല്‍ നയമാണ് സൈന്യത്തിന്റെ വിജയത്തിന് കാരണം. രഹസ്യാന്വേഷണ ഏജന്‍സി വിവരം നല്കിയാല് ഉടന്‍ സൈന്യം പാഞ്ഞെത്തും, ഭീകരരെ വകവരുത്തും.
















