തൊടുപുഴ: കാരിക്കോടിന് സമീപം കൈത്തോട്ടില്‍ മാലിന്യം നിറയുന്നു.
നൈനാരു പള്ളി വകയായുള്ള ഹാളിന് സമീപത്ത് കൂടി ഉണ്ടപ്ലാവിന് പോകുന്ന റോഡിന് സമാന്തരമായി ഒഴുകുന്ന വീതി കുറഞ്ഞ തോട്ടിലാണ് മാലിന്യം അടിയുന്നത്. ഇവിടെ തോടിന്റെ ഇരുവശങ്ങളിലും കൂട്ടില്‍ കെട്ടി മാലിന്യങ്ങള്‍ തള്ളിയ നിലയിലാണ്. ഹാളിനോട് ചേര്‍ന്നുള്ള ചെറിയ പാലത്തിന് സമീപത്ത് മാലിന്യം കെട്ടി കിടക്കുകയാണ്. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിലും ഇവ ഒഴുകിപോയിട്ടില്ല. മാലിന്യം കെട്ടികിടക്കുന്നതിനാല്‍ മേഖലയില്‍ പകര്‍ച്ച വ്യാധികള്‍ പടരാനുള്ള സാധ്യതകളും ഏറുകയാണ്.
ആളൊഴിഞ്ഞ മേഖലയായതിനാല്‍ ഇവിടെ പുറത്ത് നിന്നും പോലും ആളുകളെത്തി മാലിന്യം നിക്ഷേപിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. മേഖലയിലെ വീടുകളില്‍ നിന്ന് കുളിക്കുന്നതും പാത്രം കഴുകുന്നതും അടക്കമുള്ള വെള്ളം ഓട വഴി ഈ തോട്ടിലെത്തുന്നുണ്ട്. തോട് പിന്നീട് കാരിക്കോട് വച്ച് വലിയ തോടുമായി ചേര്‍ന്ന് തൊടുപുഴയാറില്‍ പതിയ്‌ക്കുകയാണ്. കോഴി വേസ്റ്റ് അടക്കമുള്ള തോട്ടില്‍ സംഭവവും മുന്‍പ് ഉണ്ടായിട്ടുണ്ട്. വേനല്‍ക്കാലത്തും വെള്ളമുള്ള തോടിനെ സംരക്ഷിക്കാന്‍ ജനപ്രതിനിധികള്‍ മുന്നിട്ടിറങ്ങണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
















