കണ്ണൂര്‍: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ശമ്പള വര്‍ദ്ധനവിനായി നടത്തുന്ന സമരത്തെ കേരളത്തിലെ സര്‍ക്കാര്‍ അവഗണിക്കുന്നത് സ്വകാര്യ ആശുപത്രി ലോബികളെ സഹായിക്കാനാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് അഭിപ്രായപ്പെട്ടു. ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് കണ്ണൂരില്‍ നഴ്‌സുമാര്‍ നടത്തുന്ന സമരപ്പന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 50 കിടക്കകളുള്ള ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് 20,000 രൂപ മിനിമം വേതനം ഉറപ്പാക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നിയമം കൊണ്ടുവന്നിട്ടുണ്ട്. ഇത് ഉടന്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുമുണ്ട്. എന്നിട്ടും കേരളം മാത്രം ഇത് നടപ്പാക്കാത്തത് സ്വകാര്യ ആശുപത്രികളുമായുള്ള ഒത്തുകളിയാണ്. കേരളത്തിലെ ജനങ്ങളുടെ ജീവന്‍ കൊണ്ടാണ് കേരളത്തിലെ സര്‍ക്കാരും െ്രെപവറ്റ് ഹോസ്പിറ്റല്‍ മാനേജ്‌മെന്റും കളിക്കുന്നത്. ഇനിയും നഴ്‌സുമാര്‍ നടത്തുന്ന സമരത്തെ സര്‍ക്കാര്‍ കണ്ടില്ല എന്ന് നടിച്ചാല്‍ ബിജെപിയുടെ നേതൃത്വത്തില്‍ ശക്തമായ സമരപരിപാടികള്‍ അടുത്ത ദിവസം തന്നെ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് കണ്ണൂര്‍ നഗരത്തില്‍ സമരം നടക്കുന്ന കൊയിലി, ധനലക്ഷ്മി, സ്‌പെഷ്യാലിറ്റി, ആശീര്‍വാദ് തുടങ്ങിയ ഹോസ്പിറ്റലുകള്‍ സന്ദര്‍ശിച്ചു. ബി.ജെ.പി ജില്ലാ ട്രഷറര്‍ എ.ഒ.രാമചന്ദ്രന്‍, യുവമോര്‍ച്ച സംസ്ഥാന സമിതിയംഗം പി.എ.റിതേഷ്, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സി.സി.രതീഷ്, ജില്ലാ നേതാക്കളായ ആര്‍.കെ.ഗിരിധരന്‍, ബിനില്‍ കണ്ണൂര്‍, ടി.അജയ് കുമാര്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു.
















