പത്തനംതിട്ട: കേന്ദ്രസര്‍ക്കാര്‍നടപ്പാക്കിയ ചരക്ക് സേവനനികുതി പ്രഖ്യാപന ചടങ്ങില്‍ പങ്കെടുക്കാന്‍ ധനമന്ത്രി തോമസ് ഐസക്ക് ദല്‍ഹിയിലേക്ക് പോയതിന് ചിലവായ തുക ഖജനാവില്‍ തിരിച്ച് അടയ്‌ക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള.
പൊതുജനങ്ങളുടെ പണം ചെലവാക്കി ദല്‍ഹിയില്‍ എത്തിയ മന്ത്രി ജിഎസ്ടി പ്രഖ്യാപന ചടങ്ങില്‍ പങ്കെടുക്കാതിരുന്നത് കേരളത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.
പകര്‍ച്ചപ്പനി തടയുന്നതില്‍ പരാജയപ്പെട്ട ആരോഗ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജിഎസ്ടി നയരൂപീകരണ സമിതിയില്‍ കേരളം മുന്നോട്ടു വച്ച നിര്‍ദ്ദേശങ്ങളെല്ലാം കേന്ദ്രസര്‍ക്കാര്‍ ഉള്‍ക്കൊള്ളുകയും പരിഗണിക്കുകയും ചെയ്തു. എന്നിട്ടും ചടങ്ങില്‍ നിന്നും വിട്ടുനിന്നതിന്റെ കാരണം മന്ത്രി വ്യക്തമാക്കണം. ജിഎസ്ടിയെ അവസാനം തള്ളിപ്പറഞ്ഞത് യൂദാസിന്റെ നിലപാടിനെയാണ് ഓര്‍മ്മിപ്പിക്കുന്നത്. പരിവാരസമേതം യാത്ര ചെയ്തതിന്റെ ചിലവ് മന്ത്രിയോ പാര്‍ട്ടിയോ ഖജനാവില്‍ തിരിച്ചടയ്‌ക്കണം.
മൃഗങ്ങളുടേയും പക്ഷികളുടേയും കൂട്ടത്തില്‍ കൂടുന്ന വവ്വാലിനെപ്പോലെയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. അവസരവാദ നിലപാടുകളാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ദല്‍ഹിയില്‍ എത്തുമ്പോള്‍ പ്രധാനമന്ത്രി മോദി പ്രിയപ്പെട്ടവനാണ്. അര്‍ഹതപ്പെട്ടതിലും കൂടുതല്‍ കേന്ദ്രസഹായം തരപ്പെടുത്തുകയും ചെയ്യും. എന്നാല്‍ കേരളത്തില്‍ എത്തിയാല്‍ കേന്ദ്ര സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
















