മാനന്തവാടി:തരിയോട് വനത്തിനുള്ളില്‍ കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി. വനം വകുപ്പിന്റെ സുഗന്ധഗിരി സെക്ഷന് കീഴിലുള്ള ലേഡീസ്മിത്തിലാണ് കാട്ടാനയെ ഇന്നലെ വൈകുന്നേരത്തോടെ പതിവ് പരിശോധനക്കിടെ വനം വകുപ്പ് ജീവനക്കാര്‍ കണ്ടെത്തിയത്.
പതിനഞ്ച് വയസ്സ് പ്രായം വരും. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്.
വനംവകുപ്പ് നിര്‍മിച്ച വൈദ്യുതി ഫെന്‍സിംഗ് തകര്‍ത്തുകൊണ്ട് പ്രദേശത്ത് കഴിഞ്ഞ ഒരുമാസത്തോളമായി കാട്ടാനകളിറങ്ങി കൃഷിയിടങ്ങളില്‍ വ്യാപക നാശനഷ്ടങ്ങള്‍ വരുത്തി വെക്കുന്നുണ്ട്.
നാശം വരുത്തുന്ന നാല് കാട്ടാനകളിലൊരെണ്ണമാണ് ചെരിഞ്ഞ നിലയില്‍ കണ്ടെതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇന്നലെ ഉച്ചക്ക് ശേഷം വൈല്‍ഡ് ലൈഫ് സര്‍ജന്‍ അരുണ്‍സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം മൃതദേഹം പരിശോധന നടത്തി. കുടലിലുണ്ടാകുന്ന അസുഖത്തെത്തുടര്‍ന്ന് ചെവിയിലൂടെയും തുമ്പിക്കൈയിലൂടെയും രക്തം വാര്‍ന്നാണ് മരണമെന്നാണ് നിഗമനം. മൃതദേഹം വനത്തിലുള്ളില്‍ സംസ്‌കരിച്ചു.
















