കോഴിക്കോട്: ചെമ്പനോടയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ് സിലീഷ് തോമസിന് പിന്തുണയുമായി എന്‍ജിഒ അസോസിയേഷന്‍ ജീവനക്കാര്‍ സമരത്തിന്.
അറസ്റ്റില്‍ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാന വ്യാപകമായി റവന്യു വകുപ്പ് ജീവനക്കാര്‍ കൂട്ട അവധിയെടുക്കുമെന്ന് എന്‍ജിഒ അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു. അത്മഹത്യാ പ്രേരണാകുറ്റമാണ് സിലീഷിന്റെ പേരില്‍ ചുമത്തിയിരിക്കുന്നത്. റവന്യു ഓഫീസുകളിലെ വിജിലന്‍സ് രാജ് അവസാനിപ്പിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
കര്‍ഷകന്‍ ആത്മഹത്യ ചെയ്തതോടെ വനഭൂമിയുമായി ബന്ധപ്പെട്ട് തര്‍ക്കത്തില്‍ കിടക്കുന്ന സ്ഥലങ്ങളുടെ ഉടമകള്‍ കൂട്ടമായി ഓഫീസുകളിലെത്തി സമ്മര്‍ദ്ദ തന്ത്രത്തിലൂടെ കരമടയ്‌ക്കാനുള്ള പ്രവണതകള്‍ നടക്കുന്നു. വില്ലേജ് ഓഫീസുകളുടെ ഭൗതിക സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നും ജീവനക്കാരുടെ തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തണമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ഇതിനിടെ സിലീഷിനെ സഹായിക്കാനായി റവന്യൂ ജീവനക്കാര്‍ ഒരു ദിവസത്തെ വേതനം നല്‍കാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. ജയിലേക്ക് മണിയോഡര്‍ അയക്കാനാണ് തീരുമാനം. സാങ്കേതികമായി പരിഷ്‌കാരങ്ങള്‍ നടക്കാത്തതാണ് ജനങ്ങളും ജീവനക്കാരും തമ്മില്‍ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നതെന്ന പരാതിയും ജീവനക്കാര്‍ മുന്നോട്ടു വെയ്‌ക്കുന്നുണ്ട്.
















