ഹരിപ്പാട്: ഹരിപ്പാട് ഗവ. ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചത് ചോദ്യം ചെയ്ത യുവമോര്‍ച്ച നേതാവിനെയും ചിത്രം പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകനെയും മര്‍ദ്ദിച്ച എസ്‌ഐ രതീഷ് ബാബുവിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ഹരിപ്പാട് മണ്ഡലത്തില്‍ ഇന്ന് ഹര്‍ത്താല്‍ നടത്തും.
ജന്മഭൂമി ഹരിപ്പാട് ലേഖകന്‍ കെ. രാധാകൃഷ്ണനെയും യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ഷാജിയേയുമാണ് എസ്‌ഐ മര്‍ദ്ദിച്ചത്. ജന്മഭൂമി ലേഖകന്റെ ക്യാമറ പിടിച്ചുവാങ്ങുകയും ചെയ്തു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
ബിജെപി കാര്‍ത്തികപ്പള്ളി പഞ്ചായത്ത് സെക്രട്ടറി അനീഷ്, അമ്മ അമ്മിണിയുമായി ഹരിപ്പാട് ആശുപത്രിയില്‍ ചികിത്സ തേടി വന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. കടുത്ത പനി ബാധിച്ച അമ്മിണിയുടെ രക്തം എടുക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചെങ്കിലും നേഴ്‌സ് ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ രോഗിയെ സ്വകാര്യ ലാബിലേക്ക് പോകാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് എസ്‌ഐ ഷാജിയെ മര്‍ദ്ദിച്ചത്.
















