മറയൂര്‍: ഗാന്ധിനഗര്‍ഭാഗത്ത് 24 കുടുംബങ്ങള്‍ കുടിവെള്ളം ശേഖരിക്കുന്ന പഞ്ചായത്ത് കിണര്‍ തകര്‍ന്നു. കിണറും കിണറിന്റെ പരിസരവും മാലിന്യകൊണ്ട് നിറഞ്ഞിരിക്കുകയാണ്.ദൈന്യംദിന ആവശ്യങ്ങള്‍ക്ക് പോലും വെള്ളം കിട്ടാന്‍ മാര്‍ഗമില്ലാതെ കഴിയുകയാണ് മറയൂര്‍ നിവാസികള്‍. മഴപെയ്‌തെങ്കിലും ഈ ഭാഗത്ത് ജലക്ഷാമം ഇപ്പോഴുമുണ്ട്. ജലനിധി പദ്ധതിയിലൂടെയുള്ള പൈപ്പില്‍ വെള്ളമെത്തിയിട്ട് മാസങ്ങളായി.ഗാന്ധിനഗറില്‍ നിന്ന് നൂറുവീട് ഭാഗത്ത് മീറ്ററുകള്‍ താണ്ടി വെള്ളത്തിന് വരേണ്ട ഗതികേടിലാണ് ഗാന്ധിനഗര്‍ പ്രദേശവാസികള്‍.
ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റോ പഞ്ചായത്ത് അധികൃതരോ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പഞ്ചായത്ത് കിണറുകളുടെപുനര്‍നിര്‍മ്മാണത്തിനുള്ള നടപടികളോ, ജലസേചന സംവിധാനങ്ങളോ നടത്താതെ നിസംഗത പാലിക്കുന്നത് കുടിവെള്ള പ്രശ്‌നം രൂക്ഷമാകുന്നതിന് കാരണമാകും.
കഴിഞ്ഞ ദിവസത്തെ മഴയില്‍ പാമ്പാറില്‍ നീരൊഴുക്ക് വര്‍ദ്ധിച്ചതിനാല്‍ പാമ്പാറിന്റെ തീരത്തുള്ളവര്‍ക്ക് കുടിവെള്ളം ലഭ്യമായിട്ടുണ്ട്. ഉള്‍പ്രദേശത്ത് താമസിക്കുന്നവരാണ് മഴക്കാലത്തും വെള്ളം തേടി അടലയേണ്ടി വന്നിരിക്കുന്നത്. പ്രദേശത്ത് കൂടുതലും തമിഴ് വംശജരായതിനാല്‍ ഭരണകൂടം ശക്തമായി ഇടപെടുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.
















