തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ഇടതു മുന്നണിയിലെ രണ്ട് എംഎല്‍എമാരും ഒരു എംപിയും സ്വീകരിച്ച നിലപാട് സിപിഎമ്മിന്റെ ഔദ്യോഗിക നിലപാടാണോ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഇടതു ഭരണത്തിന്‍ കീഴില്‍ സ്ത്രീസുരക്ഷ ഇല്ലാതായിരിക്കുന്നു. വാളയാര്‍ കേസിലും വടക്കാഞ്ചേരി കേസിലും മറ്റേതു കേസായാലും പൊലീസും സര്‍ക്കാരും വേട്ടക്കാരോടൊപ്പം നില്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്. നടിയെ ആക്രമിച്ച കേസിലും രണ്ട് ഇടതു പക്ഷ എംഎല്‍മാരും ഒരു എംപിയും സ്വീകരിച്ച നിലപാടും ഇതിനോടൊപ്പം ചേര്‍ത്തു വായിക്കണം. അവര്‍ നടന്മാര്‍ മാത്രമല്ല ജനപ്രതിനിധികളുമാണ്.
നടിയെ ആക്രമിച്ച കേസില്‍ ദുരൂഹത കൂടിക്കൂടി വരികയാണ്. ഈ കേസിലെ യഥാര്‍ത്ഥ വിവരങ്ങള്‍ ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ സര്‍ക്കാരിനും പൊലീസിനും ഉത്തരവാദിത്വമുണ്ട്. തുടക്കം മുതല്‍ ഈ കേസിന്റെ അന്വേഷണം പാളിപ്പോയതിന് ഉത്തരവാദി കേസില്‍ ഗൂഢാലോചന ഇല്ലെന്ന് പ്രസ്താവന നടത്തിയ മുഖ്യമന്ത്രിയാണ്.
ഇപ്പോഴാകട്ടെ അന്വേഷണത്തലവനറിയാതെയാണ് ചോദ്യം ചെയ്യല്‍ നടന്നതെന്ന് വിരമിച്ച ഡിജിപി തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. ദുരൂഹത ഇങ്ങനെ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ അത് നീക്കി അന്വേഷണം കാര്യക്ഷമമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
















