തിരുവനന്തപുരം: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ മുന്‍നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് നടനും എംഎല്‍എയുമായ കെ.ബി. ഗണേശ് കുമാര്‍. താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റിന് താന്‍ അയച്ച കത്ത് ചോര്‍ന്നത് എങ്ങനെയെന്ന് അറിയില്ലെന്നാണ് എക്‌സിക്യൂട്ടീവ് അംഗം കെ.ബി. ഗണേശ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്. സംഘടനയിലെ നെറികെട്ട അംഗങ്ങളാരോ ആണ് കത്ത് പുറത്തുവിട്ടതെന്നും ഗണേശ് ആരോപിച്ചു.
രൂക്ഷ വിമര്‍ശനമാണ് ഗണേശ് കുമാര്‍ കത്തില്‍ ഉന്നയിച്ചിരിക്കുന്നത്. അമ്മ ഫലപ്രദമായി ഇടപെട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ ഗണേശ് ആക്രമിക്കപ്പെട്ട നടിക്കു പിന്തുണ നല്‍കുന്നതില്‍ പരാജയപ്പെട്ട സംഘടന പിരിച്ചുവിടണമെന്നും ആവശ്യപ്പെടുന്നു. കത്ത് ഇന്നലെ രാവിലെയാണ് പുറത്തായത്. നടി ആക്രമിക്കപ്പെട്ടപ്പോള്‍ സംഘടനാ നേതൃത്വം തിരശീലയ്‌ക്കു പിന്നിലൊളിച്ചു. പിച്ചിച്ചീന്തപ്പെട്ടത് സഹപ്രവര്‍ത്തകയുടെ അത്മാഭിമാനമാണെന്ന് ഓര്‍ക്കണം. ഇത്തരമൊരു സംഘടന നടീനടന്മാര്‍ക്ക് നാണക്കേടാണെന്നും ഗണേശ് കത്തില്‍ കുറ്റപ്പെടുത്തുന്നു.
എന്നാല്‍ ഇന്നലെ വൈകിട്ട് മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയപ്പോള്‍ ഗണേശ്കുമാര്‍ മലക്കം മറിഞ്ഞു. താന്‍ ഉന്നയിച്ച പരാതിക്ക് തൃപ്തികരമായ മറുപടി ഇന്നസെന്റില്‍ നിന്നു ലഭിച്ചെന്നും അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കേണ്ടതില്ലെന്നുമാണ് ഗണേശ് മാധ്യമങ്ങളോട് പറഞ്ഞത്. സംഘടനയ്‌ക്കുള്ളില്‍ അംഗങ്ങള്‍ പരസ്പരം കത്തുകള്‍ കൊടുക്കാറുണ്ട്. അംഗമെന്ന നിലയില്‍ തനിക്കും കത്തുനല്കാന്‍ അവകാശമുണ്ട്. അത് തള്ളാനും കൊള്ളാനും പ്രസിഡന്റിന് അധികാരമുണ്ട്. വിശദീകരണത്തില്‍ തൃപ്തനായതുകൊണ്ടാണ് ഉന്നയിച്ച ആവശ്യങ്ങളുമായി മുന്നോട്ടുപോകാതിരുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്കാര്‍ക്കെങ്കിലും താന്‍ കത്തു തന്നിട്ടുണ്ടെന്ന് തെളിയിച്ചാല്‍ പറയുന്ന എന്തു പണിയും ചെയ്യാമെന്നും ഗണേശ് വെല്ലുവിളിച്ചു.
നടിക്കു നീതി കിട്ടിയില്ലെന്ന വാദം തെറ്റാണ്. അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ അമ്മ നേതൃത്വം ശ്രമിച്ചിട്ടില്ല. അതിക്രമത്തിന് ഇരയായ നടിക്ക് പിന്തുണ പ്രഖ്യാപിച്ച് അമ്മ പ്രമേയം പാസാക്കാത്തത് സംഘടനയ്‌ക്ക് അത്തരമൊരു പതിവില്ലാത്തതുകൊണ്ടാണ്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്ത കാര്യങ്ങളല്ല അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്തത്. തന്റെ കത്തിലെ ഓരോ ഖണ്ഡികയും ചര്‍ച്ചചെയ്തു. ഉന്നയിച്ച ആവശ്യങ്ങള്‍ക്കു കൃത്യമായ മറുപടിയും പ്രശ്‌നങ്ങള്‍ അന്നുതന്നെ പരിഹരിക്കാമെന്ന ഉറപ്പും ലഭിച്ചു.
ഇക്കാര്യം യോഗതീരുമാനങ്ങള്‍ക്കൊപ്പം എഴുതിവച്ചു. പിറ്റേദിവസമാണ് ജനറല്‍ ബോഡി ചേര്‍ന്നത്. മറുപടിയുടെ അടിസ്ഥാനത്തില്‍ മറ്റ് അംഗങ്ങള്‍ക്കു സംശയങ്ങളുണ്ടെങ്കില്‍ ചോദിക്കാന്‍ താന്‍ തന്നെയാണു ആവശ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ടുയര്‍ന്ന ചോദ്യങ്ങള്‍ക്കെല്ലാം വ്യക്തമായ മറുപടിയും നല്‍കി. ആദായനികുതിയുമായി ബന്ധപ്പെട്ടു സംഘടന നേരിടുന്ന പ്രശ്‌നങ്ങളാണ് അന്ന് മുഖ്യമായും ചര്‍ച്ച ചെയ്തതെന്നും ഗണേശ് പറഞ്ഞു.
യോഗശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ താനും മുകേഷും മോശമായി സംസാരിച്ചിട്ടില്ല. സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളൊന്നും തങ്ങള്‍ നടത്തിയിട്ടില്ലെന്ന് പത്രസമ്മേളനത്തിന്റെ വീഡിയോ പരിശോധിച്ചാല്‍ മനസ്സിലാകുമെന്നും ഗണേശ് പറഞ്ഞു.
















