കൊച്ചി: വന്‍കുടലിലും മലാശയത്തിലും ബാധിക്കുന്ന കോളോറെക്ടല്‍ കാന്‍സര്‍ സംബന്ധിച്ച് കേരളത്തില്‍ കൂടുതല്‍ ബോധവല്‍ക്കരണം ആവശ്യമാണെന്ന് വിദഗ്‌ദ്ധര്‍. ജീവിതശൈലിയുമായി ബന്ധപ്പെട്ട ഈ അര്‍ബുദം 50 വയസ്സു കഴിഞ്ഞവരിലാണ് സാധാരണയായി കണ്ടെത്തുന്നത്.
എന്നാല്‍ യുവാക്കളുടെ ജീവിതശൈലിയും ഭക്ഷണ ശീലങ്ങളും ഇതിലേക്കു വഴിതുറക്കാറുണ്ടെന്ന് ഇന്ത്യയിലെ കോളോറെക്ടല്‍ കാന്‍സറിന്റെ വളര്‍ച്ചയെക്കുറിച്ചു സംസാരിക്കവെ കൊച്ചിയിലെ ഡോ. കെ. പ്രകാശ് ചൂണ്ടിക്കാട്ടി. അവബോധത്തിന്റെ അഭാവം, തെറ്റായ രോഗനിര്‍ണയങ്ങള്‍, തെറ്റായ ചികില്‍സ തുടങ്ങിയ നിരവധി കാരണങ്ങള്‍ മൂലം പല രോഗികളും വളരെ വൈകിയ വേളയിലാണ് ഇതുമായി ബന്ധപ്പെട്ടു ഡോക്ടര്‍മാരെ സമീപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതുകൊണ്ട് ഈ വിഭാഗത്തിലുള്ള അര്‍ബുദത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ ബോധവല്‍ക്കരണം നടത്തുകയും ഇതുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ ഉള്ളവര്‍ ഉടന്‍ വൈദ്യസഹായം തേടണമെന്നും അദ്ദേഹം പറഞ്ഞു.
ജീവിത ശൈലിയിലെ മാറ്റങ്ങള്‍, ഭക്ഷണ ശീലങ്ങള്‍, പൊരിച്ച ഭക്ഷണങ്ങളുടെ അമിതമായ ഉപയോഗം, നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ വളരെ കുറഞ്ഞ തോതില്‍ മാത്രം ഉപയോഗിക്കുന്നത്, റെഡ് മീറ്റ് തുടര്‍ച്ചയായി ഉപയോഗിക്കുന്നത് എന്നിവയെല്ലാം യുവാക്കളില്‍ കോളോറെക്ടല്‍ കാന്‍സര്‍ വര്‍ധിക്കുന്നതിന് ഇടയാക്കുന്നുണ്ട്.
















