കണ്ണൂര്‍: സ്ഥാനമൊഴിഞ്ഞ ഡിജിപി ടി.പി.സെന്‍കുമാറിന്റെ പ്രസ്താവനയ്‌ക്ക് മുറുപടിയുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. ഇടതു സര്‍ക്കാര്‍ പോലീസ് മേധാവി സ്ഥാനത്തുനിന്നു തന്നെ മാറ്റിയത് ജയരാജന്‍ പറഞ്ഞിട്ടാകാമെന്നു സെന്‍കുമാര്‍ ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനോട് ഫെയ്‌സ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു ജയരാജന്‍.
കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയദൗത്യം ഏറ്റെടുത്തയാളാണ് സെന്‍കുമാര്‍. അദ്ദേഹത്തിന് തന്നോട് വൈരാഗ്യമുണ്ടങ്കിലും തനിക്ക് വൈരാഗ്യമില്ലായിരുന്നു. കണ്ണൂര്‍ ജയില്‍ ഉപദേശകസമിതിയില്‍ നിന്ന് തന്നെ നീക്കാന്‍ സെന്‍കുമാര്‍ വ്യാജ റിപ്പോര്‍ട്ടുണ്ടാക്കിയെന്നും ടിപി വധം ഉള്‍പ്പെടെ പല കേസുകളിലും സെന്‍കുമാര്‍ ഇടപെട്ടെന്നും ജയരാജന്‍ വ്യക്തമാക്കി.
തന്നെ പോലീസ് മേധാവി സ്ഥാനത്തുനിന്നു മാറ്റിയത് ജയരാജന്‍ പറഞ്ഞിട്ടാകാമെന്നും എന്നെ എതിര്‍ത്തതു സിപിഎമ്മിലെ ചെറിയ വിഭാഗം മാത്രമാണെന്നും സെന്‍കുമാര്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ടിപി വധക്കേസാകാം തന്നോടുള്ള ശത്രുതയ്‌ക്കു കാരണം. കണ്ണൂര്‍ രാഷ്‌ട്രീയത്തിലെ മിക്ക നേതാക്കളുമായും നല്ല ബന്ധമാണ്. മുഖ്യമന്ത്രി പിണറായി വിജയനും നല്ല രീതിയില്‍ മാത്രമാണു കഴിഞ്ഞ ദിവസം വരെ ഇടപെട്ടത്. എന്നാല്‍ ചിലരുടെ സമ്മര്‍ദത്തിന്റെ ഫലമാകാം നടപടിയെന്ന് സെന്‍കുമാര്‍ പറഞ്ഞു. ചീഫ് സെക്രട്ടറി നളിനി നെറ്റോ, ഐഎംജി ഡയറക്ടര്‍ ജനറല്‍ ജേക്കബ് തോമസ്, എഡിജിപി ടോമിന്‍ തച്ചങ്കരി എന്നിവരെ രൂക്ഷമായ ഭാഷയിലാണു സെന്‍കുമാര്‍ വിമര്‍ശിച്ചത്.
















