കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും നടന്‍ ദിലീപുമൊത്തുള്ള ചിത്രങ്ങള്‍ പുറത്ത്. ‘ജോര്‍ജേട്ടന്‍സ് പൂര’ത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.
തൃശ്ശൂരിലെ പ്രമുഖ ക്ലബ്ബായ കിണറ്റിങ്ങല്‍ ടെന്നിസ് ക്ലബ്ബായിരുന്നു ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ചിത്രീകരണം നടന്നത്. ദിലീപിനൊപ്പം ക്ലബ്ബിലെ ജീവനക്കാര്‍ പകര്‍ത്തിയ സെല്‍ഫി ചിത്രങ്ങളിലാണ് പള്‍സര്‍ സുനി ഇടംപിടിച്ചത്. ക്ലബ്ബിലെ ജീവനക്കാരെ വിശദമായി ചോദ്യം ചെയ്ത അന്വേഷണ സംഘം ഇവിടുത്തെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചിട്ടുണ്ട്.
ദിലീപും സുനിയും ഒരേ ടവര്‍ ലൊക്കേഷനില്‍ എത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നുളള അന്വേഷണത്തിലാണ് ചിത്രങ്ങള്‍ പോലീസ് കണ്ടെടുക്കുന്നത്. 2016 നവംബര്‍ മൂന്നിനാണ് ഇരുവരും ഒരേ ടവര്‍ ലൊക്കേഷനിലുളളതായി അന്വേഷണത്തില്‍ വ്യക്തമായത്.
ക്ലബ്ബിലെ ഹെല്‍ത്ത് ക്ലബ്ബില്‍ ആക്രമിക്കപ്പെട്ട നടി അംഗമായിരുന്നു. ഇതും പോലീസ് പരിശോധിക്കുന്നുണ്ട്. നടി ക്ലബ്ബിലെ ഹെല്‍ത്ത് ക്ലബ്ബിലെ സ്ഥിരം അംഗമായിരുന്നുവെന്ന് ക്ലബ്ബിന്റെ മാനേജര്‍ സുധാകരന്‍ പറഞ്ഞു. അങ്കമാലി സിഐ ക്ലബ്ബിലെ ജീവനക്കാരില്‍ നിന്ന് മൊഴിയെടുത്തു.
















