എത്താവ: തന്റെ അച്ഛനും സമാജ്‌വാദി പാര്‍ട്ടി മേധാവിയുമായ മുലായം സിങ് യാദവിന് ഇപ്പോഴും തന്നോട് ദേഷ്യമുണ്ടെന്ന് സമ്മതിച്ച് അഖിലേഷ് യാദവ്. തന്നോടുള്ള രോഷം മൂലം അമ്മാവനായ രാംഗോപാല്‍ യാദവിന്റെ 71-ാം ജന്മദിനത്തോടനുബന്ധിച്ച് ഇന്ന് നടക്കുന്ന ജന്മദിന ആഘോഷങ്ങളില്‍ മുലായം പങ്കെടുക്കില്ലെന്നും അഖിലേഷ് പറഞ്ഞു.
മുലായത്തിന്റെ സഹോദരനും മുതിര്‍ന്ന എസ്പി എംഎല്‍എയുമായ ശിവപാല്‍ സിങ് യാദവും ചടങ്ങുകളില്‍ പങ്കെടുക്കുന്നില്ല. അമ്മാവനോട് അച്ഛന് ദേഷ്യമൊന്നുമില്ല. തന്നോടാണ് അദ്ദേഹത്തിന് ദേഷ്യം- അഖിലേഷ് പറഞ്ഞു.
അമ്മാവനെ വാനോളം പുകഴ്‌ത്തിയാണ് മരുമകന്‍ സംസാരിച്ചത്. അമ്മാവന്‍ രാംഗോപാല്‍ പാര്‍ട്ടിയെ മുന്നോട്ട് നയിക്കുന്നതില്‍ വളരെയധികം പ്രയത്‌നിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ വലിയ കടമ്പകളിലും പദ്ധതികളിലും വിജയം കൈവരിച്ചിട്ടുണ്ടെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.
















