ആര്യാട്: പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സതേടിയെത്തിയ നൂറുകണക്കിന് രോഗികള്‍ മണിക്കൂറുകളുടെ കാത്തിരിപ്പിനുശേഷവും ഡോക്ടര്‍ എത്താതിരുന്നതിനെ തുടര്‍ന്ന് ക്ഷുഭിതരായി മറ്റാശുപത്രികളില്‍ ചികിത്സതേടി.
ആര്യാട് പഞ്ചായത്തിലെ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം. വിവരമറിഞ്ഞെത്തിയ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും വൈകിയെത്തിയ ഡോക്ടറോട് കാരണമന്വേഷിച്ചെങ്കിലും ഡോക്ടര്‍ നല്‍കിയ മറുപടി തൃപ്തികരമായിരുന്നില്ല. തുടര്‍ന്ന് ഇവര്‍ തമ്മില്‍ ഏറെനേരം വാഗ്വാദത്തിനുശേഷം ജീവനക്കാരെ വിളിച്ചുവരുത്തി വിവരങ്ങള്‍ ആരാഞ്ഞു. തുടര്‍ന്ന് ഡോക്ടര്‍ക്ക് താക്കീത് നല്‍കിയാണ് പഞ്ചായത്ത് പ്രസിഡന്റ് മടങ്ങിയത്.
കലശലായി പനിബാധിച്ച നിരവധി രോഗികളാണ് ഇന്നലെ രാവിലെ എട്ടു മുതല്‍ 11 വരെ കാത്തിരുന്ന് മുഷിഞ്ഞത്. പിന്നീട് ഡോക്ടര്‍ എത്തിയപ്പോഴേയ്‌ക്കും രോഗികളില്‍ ഭൂരിഭാഗവും ഇവിടെനിന്ന് പോയിരുന്നു. ചിലര്‍ സ്വകാര്യ ചികിത്സാ കേന്ദ്രങ്ങളിലേക്കും രോഗികള്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയിലേക്കും പോയെന്നാണ് അവിടെയുണ്ടായിരുന്നവരില്‍ ചിലര്‍ പഞ്ചായത്ത് അധികൃതരോട് പറഞ്ഞത്. പനിവ്യാപനത്തിനെതിരെയുളള ശുചീകരണ പ്രവര്‍ത്തനത്തിന് പോയിരുന്നതാണെന്നും മറിച്ചുള്ള പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മെഡിക്കല്‍ ഓഫീസര്‍ കണ്ണന്‍ പറഞ്ഞു. താന്‍ രണ്ടുമണിക്കൂര്‍ താമസിച്ചെ ആശുപത്രിയിലെത്തൂയെന്ന് മുന്‍കൂട്ടി ജീവനക്കാരെ അറിയിച്ചിരുന്നതാണെന്നാണ് ഡോക്ടറുടെ ഭാഷ്യം.
















