തൊടുപുഴ: നഗരത്തിലെ അനധികൃത പാര്‍ക്കിങും നടപ്പാത കൈയേറ്റവും പൂര്‍ണമായും ഒഴിവാക്കി നിലവിലുള്ള ഗതാഗത പരിഷ്‌ക്കരണം തുടരാന്‍ ഗതാഗത ഉപദേശക സമിതി യോഗത്തില്‍ തീരുമാനം.
ഹൈക്കോടതി നിര്‍ദേശ പ്രകാരം നഗരത്തിലെ ഓട്ടോറിക്ഷ സ്റ്റാന്റുകളുടെ പുനക്രമീകരണത്തിനായി അടുത്ത അഞ്ചിന് പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കാനും സമിതി തീരുമാനിച്ചു. കഴിഞ്ഞ തവണത്തെ തീരുമാനങ്ങള്‍ പലതും പാലിക്കുന്നില്ലെന്ന വിമര്‍ശനമാണ് യോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗം ആളുകളും ഉന്നയിച്ചത്. തീരുമാനം അട്ടിമറിക്കപ്പെട്ടതായി ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനം ഉന്നയിച്ചു. എന്നാല്‍ സ്വകാര്യ ബസുകള്‍ക്കും കെഎസ്ആര്‍ടിസിക്കും രണ്ടു നിയമം പാടില്ലെന്നും തീരുമാനം എല്ലാവര്‍ക്കും ഒരു പോലെ ബാധകമാക്കിയാല്‍ തങ്ങളും ഈ നിയമം പാലിക്കുമെന്ന് പ്രൈവറ്റ് ബസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.കെ തോമസ് വ്യക്തമാക്കി. പുതിയ പരിഷ്‌ക്കാരം മൂലം യാത്രക്കാര്‍ പരാതിയുമായി എത്തുന്നതു പതിവാണെന്ന് കെഎസ്ആര്‍ടിസിയെ പ്രതിനിധീകരിച്ചെത്തിയവരും വ്യക്തമാക്കി. കാല്‍നടയാത്രക്കാര്‍ക്ക് തടസമുണ്ടാകുന്ന രീതിയിലും ഗതാഗത കുരുക്ക് സൃഷ്ടിക്കുന്ന രീതിയിലും അനധികൃതമായി പാര്‍ക്കിങും നടപ്പാത കൈയേറ്റവും വ്യാപകമായതായി യോഗത്തില്‍ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് കര്‍ശന നിലപാട് സ്വീകരിക്കാന്‍ ഗതാഗത ഉപദേശക സമിതി തീരുമാനിച്ചത്.
നഗരത്തിലെ ഓട്ടോറിക്ഷ സ്റ്റാന്റുകളുടെ ക്രമീകരണങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാനുള്ള യോഗം ജൂലൈ 5ന് രാവിലെ 11 ന് ചേരുവാനും തീരുമാനമായി. ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ അധ്യക്ഷത വഹിച്ച യോഗം പി.ജെ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ ടി.കെ സുധാകരന്‍ നായര്‍, ജോയിന്റ് ആര്‍ടിഒ ടി.ഒ ജോളി, കൗണ്‍സിലര്‍മാരായ ബിന്ദു പത്മകുമാര്‍, രാജീവ് പുഷ്പാംഗദന്‍, സി.കെ ജാഫര്‍, എം.കെ ഷാഹുല്‍ ഹമീദ്, പി.എ ഷാഹുല്‍ ഹമീദ്, റഷീദ്, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍, രാഷ്‌ട്രീയസംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















