ഇരിട്ടി: പ്ലസ് വണ്‍ പ്രവേശനത്തിനെത്തുന്നതുള്‍പ്പെടെയുള്ള കൗമാരക്കാരായ കുട്ടികള്‍ വിവിധ കാരണങ്ങളാല്‍ വഴിതെറ്റിപ്പോകുന്നത് ഒഴിവാക്കുന്നതിനുവേണ്ടി ബോധവത്കരണവുമായി പോലീസ്. ഇരിട്ടി പോലീസ് സബ് ഡിവിഷനിലാണ് ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തില്‍ ലഘുലേഖവിതരണവും കൈകോര്‍ക്കാം വിപത്തുകള്‍ക്കെതിരെയെന്ന പേരില്‍ ബോധവത്കരണക്ലാസ്സും നടത്തുന്നത്.
ഇരിട്ടി, പേരാവൂര്‍, മട്ടന്നൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, ഇവര്‍ക്ക് കീഴിലെ എസ്‌ഐമാര്‍, വനിത പോലീസ് ഉദ്യോഗസ്ഥര്‍, സിവില്‍ പോലീസ് ഓഫീസര്‍മാര്‍ എന്നിവര്‍ ഇന്ന് ഓരോ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും അസംബ്ലിയില്‍ ബോധവത്കരണ ക്ലാസ് എടുക്കും. മദ്യം, മയക്കുമരുന്ന്, സൈബര്‍ കുറ്റങ്ങള്‍, അശ്രദ്ധമായും, ലൈസന്‍സില്ലാതെയും വാഹനം ഓടിച്ചുണ്ടാകുന്ന അപകടം എന്നിവ ഒഴിവാക്കാനാണ് പ്ലസ് വണ്‍കുട്ടികള്‍ക്കായി ലഘുലേഖ തയ്യാറാക്കിയിരിക്കുന്നത്. ഇരിട്ടി പോലീസ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്ന പേരിലാണ് വിപത്തുകള്‍ ചൂണ്ടിക്കാട്ടി ലഘുലേഖയിറക്കിയിരിക്കുന്നത്.
















