ശ്രീനഗര്‍: പോലീസുകാരുടെ ക്ഷമയെ പരീക്ഷിക്കരുതെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. പരിധി വിട്ടാല്‍ അതിന്റെ പരിണതഫലം വളരെ വലുതായിരിക്കുമെന്നും മുഫ്തി കശ്മീരിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
ജമ്മു കശ്മീരില്‍ പോലീസ് ഉദ്യോഗസ്ഥന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തവേയാണ് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയത്. രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സേനകളിലൊന്നാണ് ജമ്മു കശ്മിരിലേത്. അവര്‍ പരമാവധി ക്ഷമാശീലരാണ്. അത് ജനങ്ങളെ അവരിലൊരാളായി കാണുന്നതു കൊണ്ടാണ്. എന്നാല്‍ എത്രകാലം അവര്‍ക്ക് ക്ഷമിക്കാന്‍ സാധിക്കുമെന്ന് പറയാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു.
പോലീസുകാര്‍ നമ്മുടെ തന്നെ മക്കളാണെന്ന് ജനങ്ങള്‍ മറക്കരുത് ഇത്തരം സംഭവങ്ങള്‍ ദാരുണമാണെന്നും മുഫ്തി പറഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് ജമ്മുകശ്മീരിലെ നൗഹാട്ട മേഖലയിലെ മുസ്ലിം പള്ളിയില്‍ സുരക്ഷാചുമതലയില്‍ ഉണ്ടായിരുന്ന ഡെപ്യൂട്ടി എസ്.പി. ആയൂബ് പണ്ഡിറ്റിനെ ആള്‍ക്കൂട്ടം പരസ്യമായി മര്‍ദിച്ചു കൊലപ്പെടുത്തിയത്. ഔദ്യോഗിക വേഷത്തിലായിരുന്ന ആയൂബിന്റെ വസ്ത്രങ്ങള്‍ ഉരിയുകയും മര്‍ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
ഏതാനും ദിവസങ്ങള്‍ക്കു മുമ്ബ് ജമ്മു കശ്മീരില്‍ മറ്റൊരു പോലീസ് ഉദ്യോഗസ്ഥനും ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
















