കണ്ണൂര്‍: ക്വാറി പ്രവര്‍ത്തിക്കാനുള്ള ഭൂപരിധി 100മീറ്ററില്‍ നിന്ന് 50 മീറ്ററായി കുറച്ചത് പ്രത്യേക ഭൂഘടനയുള്ള കേരളത്തില്‍ പരിസ്ഥിതി ആഘാതങ്ങളുടെ തോത് വര്‍ദ്ധിപ്പിക്കുമെന്നും അതിനാല്‍ ഇളവ് റദ്ദാക്കണമെന്നും മാടായിപ്പാറ സംരക്ഷണസമിതി ചെയര്‍മാന്‍ പി.പി.കൃഷ്ണന്‍ മാസ്റ്റര്‍, സെക്രട്ടറി കെ.പി.ചന്ദ്രാംഗദന്‍ എന്നിവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഹരിതകേരളം എന്ന ആശയത്തെ അട്ടിമറിക്കുന്നതാണ് പുതിയതീരുമാനമെന്നും ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്റിനെക്കൊണ്ട് കോടിക്കണക്കിനു മരത്തൈകള്‍ വിതരണം ചെയ്യല്‍ മാത്രമല്ല, പരിസ്ഥിതി സംരക്ഷണം എന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ഭൂമിയുടെ നിലനില്‍പ്പിനെയും ജലസംഭരണ ശേഷിയെയുമാണ് അനിയന്ത്രിതമായ ക്വാറി പ്രവര്‍ത്തനം ബാധിക്കുന്നത് എന്ന് നിവേദനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മുന്‍സര്‍ക്കാരിന്റെ നയങ്ങളില്‍നിന്ന് വ്യതിചലിച്ച് ക്വാറി മുതലാളിമാരെ സഹായിക്കാനായി എടുത്ത തീരുമാനം പരിസ്ഥിതി സംരക്ഷണ സന്ദേശത്തിന് കടകവിരുദ്ധമാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
















