പൂനെ: ഡേവിസ് കപ്പ് ടെന്നീസ് ഏഷ്യ-ഓഷ്യാനിയ ഗ്രൂപ്പ് ഒന്നില്‍ നിന്ന് ഇന്ത്യ മുന്നോട്ട്. ന്യൂസിലന്‍ഡിനെ 4-1ന് കീഴടക്കി രണ്ടാം റൗണ്ടിലെത്തി ഇന്ത്യ. ഇന്നലത്തെ റിവേഴ്‌സ് സിംഗിള്‍സുകളില്‍ ജയം കണ്ട് രാംകുമാര്‍ രമാനാഥനും യുകി ഭാംബ്രിയും മുന്നേറ്റം ആധികാരികമാക്കി. രണ്ടാം റൗണ്ടില്‍ ഉസ്‌ബെക്കിസ്ഥാനാണ് എതിരാളി.
ഏപ്രില്‍ ഏഴു മുതല്‍ ഒമ്പതു വരെ മത്സരം. ദക്ഷിണ കൊറിയയെ തോല്‍പ്പിച്ച് ഉസ്‌ബെക്കിസ്ഥാന്റെ മുന്നേറ്റം.
ഫിന്‍ തേര്‍നിയെയാണ് രാംകുമാര്‍ തോല്‍പ്പിച്ചത് (7-5, 6-1, 6-0). മത്സരം രണ്ടു മണിക്കൂറില്‍ അവസാനിച്ചു. ആദ്യ സെറ്റില്‍ മാത്രമാണ് ഫിന്നിന് ഇന്ത്യന്‍ താരത്തെ വെല്ലുവിളിക്കാനായത്. ആദ്യത്തേതില്‍ മികച്ച രീതിയില്‍ പൊരുതി ഫിന്‍. രണ്ടാമത്തേതില്‍ 3-1ന് മുന്നിലെത്തിയ രാംകുമാര്‍, പിന്നീട് മുന്‍തൂക്കം വിട്ടുനല്‍കിയില്ല. അവസാനത്തേതില്‍ കിവി താരത്തെ നിഷ്പ്രഭനാക്കി ഇദ്ദേഹം. മത്സരത്തില്‍ രാംകുമാര്‍ 12 എയ്‌സുകള്‍ ഉതിര്‍ത്തപ്പോള്‍, ഫിന്നിന്റെ റാക്കറ്റില്‍ നിന്ന് പിറന്നത് ഒരെണ്ണം. ഒമ്പത് ഇരട്ടപ്പിഴവുകള്‍ ഇന്ത്യന്‍ താരം വരുത്തിയപ്പോള്‍, എതിരാളിയുടേത് 16. രാംകുമാറിന്റെ പിഴവുകളില്‍ കൂടുതലും ആദ്യ സെറ്റില്‍.
രണ്ടാം മത്സരത്തില്‍ ഭാംബ്രി, ജോസ് സ്റ്റാതമിനെ കീഴടക്കി (7-5, 3-6, 6-4). ജോസില്‍ നിന്ന് കടുത്ത വെല്ലുവിളി നേരിടേണ്ടി വന്നു ഭാംബ്രിക്ക്. ആദ്യ സെറ്റില്‍ പോരാട്ടം ഒപ്പത്തിനൊപ്പം. രണ്ടാമത്തേത് ന്യൂസിലന്‍ഡ് താരത്തിനൊപ്പം. എന്നാല്‍, അവസാനത്തേതില്‍ ഫോമിലേക്കുയര്‍ന്ന ഭാംബ്രി സെറ്റും മത്സരവും സ്വന്തമാക്കി.
കഴിഞ്ഞ ദിവസം രണ്ട് സിംഗിള്‍സ് മത്സരങ്ങളും ജയിച്ച് ഇന്ത്യ 2-1ന് മുന്നിലായിരുന്നു. ആദ്യ സിംഗിള്‍സില്‍ യുകി ഭാംബ്രി ഫിന്‍ തേര്‍നിയെ തുരത്തിയപ്പോള്‍, രാംകുമാര്‍ ജോസ് സ്റ്റാതമിനെ തോല്‍പ്പിച്ചു. അതേസമയം, ഡബിള്‍സില്‍ ലിയാന്‍ഡര്‍ പേസ്-വിഷ്ണു വര്‍ധന്‍ സഖ്യം തോറ്റു. ആര്‍ട്ടെം സിതാക് – മൈക്കിള്‍ വീനസ് ജോഡിയോടാണ് കീഴടങ്ങിയത്.
















