ഇടുക്കി: കട്ടപ്പനയില്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രം അനുവദിച്ചു. ഇത് സംബന്ധിച്ച് വിദേശകാര്യമന്ത്രാലയത്തിന്റെ ഉത്തരവ് പുറത്തിറങ്ങി. ജില്ലയില്‍ പാസ്‌പോര്‍ട്ടിന് അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് ഏറ്റവും എളുപ്പത്തില്‍ പാസ്‌പോര്‍ട്ട് ലഭ്യമാകുന്നതിനുളള അവസരമാണ് ഉണ്ടായിരിക്കുന്നത്. കേരളത്തില്‍ രണ്ട് പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍ മാത്രമാണ് അനുവദിച്ചത്. സംസ്ഥാനത്ത് കട്ടപ്പനയിലും, ചെങ്ങന്നൂരുമാണ് പുതിയ സേവാകേന്ദ്രങ്ങള്‍. കട്ടപ്പന മെയിന്‍ പേസ്റ്റോഫീസിനോടു ചേര്‍ന്ന് 600 ചതുരശ്ര അടിയില്‍ നാലു കൗണ്ടറുകളിലായാണ് പുതിയ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. പോലീസ് പരിശോധന ആവശ്യമില്ലാത്ത അപേക്ഷകര്‍ക്ക് അഞ്ച് ദിവസത്തിനുള്ളില്‍ പാസ്‌പോര്‍ട്ട് ലഭിക്കും. പോലീസ് പരിശോധന ആവശ്യമാണെങ്കില്‍ ഇവിടെ നിന്നും നേരിട്ട് ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം പോകും. പാസ്‌പോര്‍ട്ടിന്റെ പ്രിന്റിങ് മാത്രമാണ് എറണാകുളത്ത് റീജിയണല്‍ പാസ്‌പോര്‍ട്ട് സെന്ററില്‍ നടക്കുന്നത്. മറ്റെല്ലാ നടപടിക്രമങ്ങളും കട്ടപ്പനയിലെ പുതിയ ഓഫീസില്‍ ചെയ്യാനാവും.
കട്ടപ്പനയില്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രം അനുവദിച്ചകേന്ദ്ര സര്‍ക്കാര്‍ നടപടിയെ ബിജെപി സ്വാഗതം ചെയ്തു.
















