ലിബ്രെവില്ലെ: ഈജിപ്റ്റിനെ തകര്‍ത്ത് കാമറൂണ്‍ ആഫ്രിക്കന്‍ ഫുട്‌ബോളിന്റെ നെറുകയില്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു കാമറൂണ്‍ ആഫ്രിക്കന്‍ നേഷന്‍സ് കപ്പിന്റെ ഫൈനലില്‍ ഇൗജിപ്റ്റിനെ മുട്ടുകുത്തിച്ചത്. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷം പകരക്കാരായി കളത്തിലെത്തിയവരാണ് കാമറൂണിനായി ഗോളുകള്‍ നേടിയത്. കാമറൂണിനായി നിക്കോളാസ് എന്‍കൗലൗ, വിന്‍സന്റ് അബൗബാക്കര്‍ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഈജിപ്റ്റിന്റെ ആശ്വാസഗോള്‍ നേടിയത് മുഹമ്മദ് എല്‍നെനി.
2002നുശേഷം ആദ്യമായാണ് കാമറൂണ്‍ ആഫ്രിക്കന്‍ ഫുട്‌ബോളിലെ രാജാക്കന്മാരായത്. ചരിത്രത്തിലെ അഞ്ചാം കിരീടമാണ് കാമറൂണ്‍ നേടിയത്. 1984, 88, 2000, 2002 വര്‍ഷങ്ങളിലാണ് അവര്‍ ഇതിന് മുന്‍പ് കിരീടം നേടിയത്. അവസാനമായി 2008ല്‍ ഇരു ടീമുകളും ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം ഈജിപ്റ്റിനായിരുന്നു. അതിനുള്ള മറുപടി കൂടിയായി കാമറൂണിന്റെ ജയം.
പരാജയത്തോടെ ചരിത്രത്തിലെ എട്ടാം കിരീടം എന്ന സ്വപ്‌നത്തിനായി ഈജ്പിറ്റിന്റെ കാത്തിരിപ്പ് നീണ്ടു. എങ്കിലും ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ ടീം എന്ന ബഹുമതി ഇപ്പോഴും ഈജിപ്റ്റിന് സ്വന്തമാണ്.
ഇരുപത്തിരണ്ടാം മിനിറ്റില്‍ എല്‍നെനിയുടെ ഗോളില്‍ ഈജിപ്റ്റ് ലീഡ് നേടി. ഈ ഗോളിന് ആദ്യപകുതില്‍ അവര്‍ മുന്നിട്ടുനില്‍ക്കുകയും ചെയ്തു. രണ്ടാം പകുതിയില്‍ ശക്തമായ മുന്നേറ്റങ്ങളുമായി കളംവാണ കാമറൂണ്‍ 59-ാം മിനിറ്റില്‍ നിക്കോളാസ് എന്‍കൗലൗവിലൂടെ സമനില നേടി. സ്‌കോര്‍ സമനിലയില്‍ എത്തിയതോടെ കളിയുടെ ആവേശം ഉയര്‍ന്നു. മത്സരം അവസാന മിനിറ്റിലേക്ക് നീങ്ങവേ നിര്‍ണായകമായ ഒരു ഗോളിനായി ഇരു ടീമുകളും ഉജ്ജ്വലമായ മുന്നേറ്റങ്ങള്‍ നടത്തി. എന്നാല്‍ 88-ാം മിനിറ്റില്‍ പ്രായം തളര്‍ത്താത്ത കരുത്തുമായി ഈജിപ്തിനെ ഫൈനലിലെത്തിച്ച ഗോള്‍ കീപ്പര്‍ എല്‍ ഹാദാരിക്ക് പിഴച്ചു. പകരക്കാരനായി കളത്തിലെത്തിയ വിന്‍സന്റ് അബൗബാക്കറിന് മുന്നിലാണ് ഈജിപ്റ്റ് ഗോളിക്ക് പിഴച്ചത്. ബോക്‌സിന് പുറത്തുനിന്നു ലഭിച്ച പന്ത് ഒരഡിഫന്‍ഡറുടെ തലയ്‌ക്ക് മുകളിലൂടെ കോരിയിട്ടശേഷം ഈജിപ്തിന്റെ നാല്‍പിത്തനാലുകാരനായ ഗോളി എസ്സാല്‍ എല്‍ ഹാദാരിയെയും കബളിപ്പിച്ച് വലയിലെത്തിച്ചു.
ഫൈനലില്‍ ഉടനീളം ആധിപത്യം പുലര്‍ത്തിയതും കാമറൂണ്‍ തന്നെ. 57 ശതമാനം പന്ത് അധീനതയില്‍ വച്ചത് അവരായിരുന്നു. ലക്ഷ്യത്തിലേയ്‌ക്ക് 15 തവണ ഷോട്ട് ഉതിര്‍ത്തു. ഗോളിലേക്ക് നാല് ഷോട്ട് മാത്രം തൊടുക്കാന്‍ കഴിഞ്ഞ ഈജിപ്തിന് ഒരൊറ്റ കോര്‍ണര്‍ പോലും നേടാനായില്ല. കാമറൂണ്‍ ആറ് കോര്‍ണറുകള്‍ നേടുകയും ചെയ്തു.
ടൂര്‍ണമെന്റിന് തൊട്ടുമുന്‍പ് പ്രധാന താരങ്ങളായ ജോയല്‍ മാറ്റിപ്, ചുപ-മോട്ടിങ് എന്നിവര്‍ പിന്‍വാങ്ങിയതിനാല്‍ വലിയ പ്രതീക്ഷകള്‍ കൂടാതെയാണ് കാമറൂണ്‍ ടൂര്‍ണമെന്റില്‍ കളിക്കാനിറങ്ങിയത്. എന്നാല്‍ ഉള്ള താരങ്ങളെ വച്ച് കൃത്യമായ പ്ലാനിങ്ങോടെ മുന്നേറിയ കാമറൂണ്‍ ഒടുവില്‍ കിരീടത്തില്‍ മുത്തമിടുകയായിരുന്നു.
2019-ലെ ടൂര്‍ണമെന്റന് കാമറൂണ്‍ ആതിഥേയരാവും.
ഘാനയെ 1-0ന് പരാജയപ്പെടുത്തി ബുര്‍ക്കിനാ ഫാസോ മൂന്നാം സ്ഥാനം നേടി.
















