ലക്നോ: മുസ്ളീങ്ങളുടെ വോട്ട് പിടിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ബിഎസ്പിയും എല്ലാം. ഇതിനുള്ള സകല വഴിവിട്ട വഴികളും ഇവര്‍ അവലംബിക്കുന്നുമുണ്ട്. പക്ഷെ ഇക്കുറി അതത്ര എളുപ്പമല്ല. കാരണം മുസ്ലിങ്ങള്‍ വഴി മാറി ചിന്തിച്ചു തുടങ്ങിയതായി ദ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
ബിജെപിയെ തോല്‍പ്പിക്കുക മാത്രമാണ് മുസ്ലിങ്ങളുടെ ഒരേ ഒരു ലക്ഷ്യമെന്ന് ഇവരെന്തിനാണ് കരുതുന്നത്.? നവാബ് ഗഞ്ജിലെ ലഭേര ഗ്രാമത്തിലെ അര്‍ഷാദ് ചോദിക്കുന്നു. എന്താ ഞങ്ങള്‍ക്ക് ജോലി വേണ്ടേ? മെച്ചപ്പെട്ട ക്രമസമാധാനം വേണ്ടേ? സ്വന്തമായി സമ്പാദ്യം വേണ്ടേ, ഞങ്ങളുടെ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം വേണ്ടെ? 30 വയസുള്ള അര്‍ഷാദിന്റെ ചോദ്യം മുഴുവന്‍ മുസ്ലിങ്ങളുടേതുമാണ്.
ശനിയാഴ്ച ബറേലിയില്‍ നടന്ന പരിപാടിയില്‍ ബിജെപി എപ്പോഴും മുസ്ലിങ്ങളെ സംശയിക്കുകയാണെന്ന് മായാവതി ആരോപിച്ചിരുന്നു. അവര്‍ മുസ്ലിങ്ങള്‍ക്കു വേണ്ടി സംസാരിക്കുന്നതു കൊള്ളാം. പക്ഷെ അവര്‍ എന്താണ് മുസ്ലിങ്ങള്‍ക്കു വേണ്ടി ചെയ്തത്.? ചോദ്യം 32 വയസുള്ള മൗസം ഖാന്റേത്. ബിജെപിയെ തോല്‍പ്പിക്കാന്‍ മാത്രമാണ് അവര്‍ പറയുന്നത്. അവര്‍ മുസ്ലിങ്ങള്‍ക്കു വേണ്ടി എന്തു ചെയ്യുമെന്ന് പറയുന്നില്ല. ഖാന് പറഞ്ഞു.
















