കൊച്ചി: കരുണാകരന്‍ സര്‍ക്കാരിന്റെ കാലത്തെ ഒരു ലക്ഷം തൊഴില്‍ ദാന പദ്ധതിയില്‍ച്ചേര്‍ന്നവരെ സര്‍ക്കാരുകള്‍ വഞ്ചിച്ചു. ഒരുലക്ഷം പേര്‍ക്ക് ഗ്രാറ്റുവിറ്റിയും, പെന്‍ഷനും ഇല്ല. അടച്ചതുക ഉദ്യോഗസ്ഥര്‍ക്ക് ശമ്പളവും പെന്‍ഷനുമായി നല്‍കി.
1993-94ല്‍ കെ.കരുണാകരന്‍ മുഖ്യമന്ത്രിയും പി.പി. ജോര്‍ജ്ജ് കൃഷി മന്ത്രിയും ആയിരുന്നപ്പോഴാണ് പദ്ധതി കൊണ്ടുവന്നത്. കേന്ദ്രസഹായത്തോടെയായിരുന്നു പദ്ധതി. 1,40,012 പേരാണ് അംഗങ്ങളായത്. 1,100 രൂപ ഉപഭോക്തൃ വിഹിതവും, അത്രയും സര്‍ക്കാര്‍ വിഹിതവുമായിരുന്നു. നബാര്‍ഡ് ഏജന്‍സി ആയി അംഗങ്ങളായവരില്‍ നിന്ന് 1100 രൂപ വീതം വാങ്ങിയത്. ഒരോരുത്തരുടെയും പേരില്‍ 2,200 രൂപവീതം സര്‍ക്കാര്‍ ബാങ്കില്‍ നിക്ഷേപിച്ചു. അതത് കൃഷിഭവനായിരുന്നു മേല്‍നോട്ടച്ചുമതല. പദ്ധതി നടത്തിപ്പിന് 99 ഉദ്യോഗസ്ഥരെയും നിയമിച്ചു. പണം അടച്ച് പദ്ധതിയില്‍ച്ചേര്‍ന്നവര്‍ക്ക് രണ്ട് പാസ് ബുക്ക് വീതം തയ്യാറാക്കി. ഇതില്‍ ഒരെണ്ണം കൃഷിഭവനില്‍ സൂക്ഷിച്ചു, മറ്റൊന്ന് ഉപഭോക്താവിനും.
അംഗങ്ങള്‍ക്ക് 60 വയസ് തികയുമ്പോള്‍ 30,000 രൂപ മുതല്‍ 60,000 രൂപവരെ ഗ്രാറ്റുവിറ്റിയും മാസം 1000 രൂപ പെന്‍ഷനും നല്‍കുമെന്ന് പറഞ്ഞിരുന്നു. അംഗങ്ങള്‍ മരിച്ചാല്‍ അവകാശിക്ക് ഒരു ലക്ഷം രൂപയും ബാങ്കിലെ നിക്ഷേപം അഞ്ചു വര്‍ഷം കൂടുമ്പോള്‍ ഇരട്ടിക്കുമെന്നും പറഞ്ഞിരുന്നു. അംഗങ്ങളായവര്‍ സ്വയം ഒഴിവായാല്‍ 5000 രൂപ നല്‍കും. പദ്ധതിക്കായി ത്രിതല പഞ്ചായത്തുകളുടെ പദ്ധതിവിഹിതത്തില്‍ നിന്ന് 10% തൊഴില്‍ ദാനപദ്ധതിക്കായി മാറ്റിവച്ചിരുന്നു. സര്‍ക്കാരുകള്‍ മാറിവന്നാലും പദ്ധതിയില്‍ മാറ്റം വരുത്താന്‍ കഴിയാത്ത രീതിയിലായിരുന്നു ആസൂത്രണം.
പദ്ധതി 10 വര്‍ഷം നടന്നു. 22 വര്‍ഷം മുമ്പ് ആരംഭിച്ച പദ്ധതിയില്‍ അംഗങ്ങളായ പലര്‍ക്കും 60 വയസ് പിന്നിട്ടു. എന്നാല്‍ ഇവര്‍ക്ക് ഗ്രാറ്റുവിറ്റിയോ പെന്‍ഷനോ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. അടച്ച 1,100 രൂപയും തിരിച്ച് നല്‍കിയിട്ടില്ല. പദ്ധതി നടത്തിപ്പിനായി നിയമിച്ച 99 ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗവും പെന്‍ഷന്‍ പറ്റി. പകരക്കാരില്ല.
കര്‍ഷകര്‍ നിക്ഷേപിച്ച തുക ഉദ്യോഗസ്ഥര്‍ക്ക് ശമ്പളവും പെന്‍ഷനുമായി നല്‍കിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് ഗ്രാറ്റുവിറ്റിയും, പെന്‍ഷനും നല്‍കേണ്ടെന്ന് പിണറായി സര്‍ക്കാര്‍ ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
















