ന്യൂദല്‍ഹി: കഴിഞ്ഞ വര്‍ഷം രാജ്യത്ത് വര്‍ഗ്ഗീയ കലാപങ്ങള്‍ കുറഞ്ഞതായി കണക്കുകള്‍. 2016ല്‍ 644 കലാപങ്ങളാണ് അരങ്ങേറിയത്. 2015ല്‍ ഇത് 751ഉം 2014ല്‍ 703ഉം ആയിരുന്നു. 162 സംഭവങ്ങള്‍ നടന്ന ഉത്തര്‍ പ്രദേശാണ് കലാപങ്ങളില്‍ മുന്നില്‍. 29 പേര്‍ കൊല്ലപ്പെടുകയും 488 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
2015ല്‍ 133ഉം 2014ല്‍ 155ഉം കലാപങ്ങള്‍ യുപിയില്‍ അരങ്ങേറി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മണിപ്പൂരില്‍ ഒരു കേസുപോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഉത്തരാഖണ്ഡില്‍ എട്ട് സംഭവങ്ങളുണ്ടായി. മഹാരാഷ്‌ട്ര (97), ഗുജറാത്ത് (74), രാജസ്ഥാന്‍ (72), ബിഹാര്‍ (61) എന്നീ സംസ്ഥാനങ്ങളാണ് മുന്നിലുള്ളത്. 16 സംസ്ഥാനങ്ങളില്‍ കലാപം നടന്നിട്ടില്ല.
രാജ്യത്തിന്റെ അഖണ്ഡതക്ക് ഭീഷണിയാകുന്ന തരത്തില്‍ ഇസ്ലാമിക ഭീകരസംഘടനയായ സിമി പ്രവര്‍ത്തിക്കുന്നതിന്റെ തെളിവുകള്‍ ലഭിച്ചതായും കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു ലോക്‌സഭയില്‍ പറഞ്ഞു.
















