ന്യൂദല്‍ഹി: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് സേവിങ്സ് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ റിസര്‍വ് ബാങ്ക് പൂര്‍ണമായും നീക്കുന്നു. ഈ മാസം 20 മുതല്‍ ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുകയുടെ പരിധി 50,000 ആയി ഉയര്‍ത്തി. നിലവില്‍ ഇത് 24,000 രൂപയാണ്.
മാര്‍ച്ച് 13 മുതല്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാകും. രാജ്യത്തെമ്പാടും കറന്‍സി ലഭ്യത മെച്ചപ്പെട്ട സാഹചര്യത്തിലാണ് ആര്‍ബിഐ നടപടി. ജനുവരി 27 ലെ കണക്കുപ്രകാരം 9.92 ലക്ഷം കോടിയുടെ പുതിയ 2000, 500 നോട്ടുകള്‍ പ്രചാരത്തിലുണ്ടെന്ന് റിസര്‍വ് ബാങ്ക് അധികൃതര്‍ അറിയിച്ചു.
ജനുവരി 17ന് എടിഎമ്മില്‍ നിന്ന് ഒരു ദിവസം പിന്‍വലിക്കാവുന്ന തുക 10,000 ആയി ഉയര്‍ത്തിയിരുന്നു. എന്നാല്‍, ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക 24,000 ആയി തന്നെ നിലനിര്‍ത്തി.
















