ചെന്നൈ: തമിഴ്‌നാട്ടില്‍ രാഷ്‌ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്നു സാഹചര്യത്തില്‍ പാര്‍ട്ടി അക്കൗണ്ട് ഉപയോഗിക്കാന്‍ മറ്റാരെയും അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഒ. പനീര്‍ശെല്‍വം രംഗത്ത്. ബാങ്ക് ഓഫ് ഇന്ത്യ ചീഫ് മാനേജര്‍ക്ക് പനീര്‍ശെല്‍വം ഇതുസംബന്ധിച്ച് കത്തു നല്‍കി.
പാര്‍ട്ടി ഭരണഘടനയിലെ നിയമം 20, ക്ലോസ് 5 പ്രകാരം ജയലളിതയാണ് ട്രഷറര്‍ സ്ഥാനത്ത് തന്നെ നിയമിച്ചത്. അതിനാല്‍ തന്നെ തന്റെ കത്തോ നിര്‍ദേശമോ ഇല്ലാതെ അണ്ണാ ഡിഎംകെയുടെ അക്കൗണ്ട് ഉപയോഗിക്കാന്‍ ആരെയും അനുവദിക്കരുതെന്നും കത്തില്‍ പനീര്‍ശെല്‍വം വ്യക്തമാക്കി.
ശശികലയ്‌ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുകള്‍ നടത്തിയതിന് പിന്നാലെ, പാര്‍ട്ടി ട്രഷറര്‍ സ്ഥാനത്തുനിന്നും പനീര്‍ശെല്‍വത്തെ നീക്കിയിരുന്നു. പൊയസ് ഗാര്‍ഡനില്‍ ശശികലയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാത്രിയില്‍ ചേര്‍ന്ന മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. പകരം വനം മന്ത്രി ശ്രീനിവാസനെ ട്രഷററായി നിയമിക്കുകയും ചെയ്തിരുന്നു. ഈ തീരുമാനം തള്ളിക്കളഞ്ഞു കൊണ്ടാണ് പനീര്‍ശെല്‍വത്തിന്റെ നടപടി.
അതിനിടെ ശശികലയെ അനുകൂലിക്കുന്ന ഒമ്പത് എംപിമാര്‍ ഇന്നു രാഷ്‌ട്രപതിയെ കാണും.ശശികലയ്‌ക്ക് അധികാരത്തിലേറാന്‍ അവസരമൊരുക്കണമെന്നും എംഎല്‍എമാരുടെ പിന്തുണ ശശികലയ്‌ക്കാണെന്നും ഇവര്‍ രാഷ്‌ട്രപതിയെ ധരിപ്പിക്കും.
ശശികലയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് ഇന്നലെ രംഗത്തുവന്ന 131 എംഎല്‍എമാരെയും രഹസ്യകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇവരെ രാഷ്‌ട്രപതിക്കു മുന്നില്‍ ഹാജരാക്കാനും ശശികല തീരുമാനിച്ചിട്ടുണ്ട്.
















