ചെന്നൈ: തമിഴ്‌നാട്ടില്‍ രാഷ്‌ട്രീയ പ്രതിസന്ധി രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ ശശികല അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയ 131 എംഎല്‍എമാര്‍ സുഖവാസ കേന്ദ്രത്തിലെന്ന് റിപ്പോര്‍ട്ട്. ചെന്നൈയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ മഹാബലിപുരത്തെ ഒരു ആഡംബര ഹോട്ടലിലാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം.
കടല്‍ത്തീരം, മസാജിങ്ങ്, വാട്ടര്‍ സ്‌കീയിങ് എന്നീ സൗകര്യങ്ങളാണ് എംഎല്‍എമാര്‍ക്ക് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ എം.എല്‍.എമാര്‍ പുറം ലോകവുമായി ബന്ധപ്പെടാതിരിക്കാന്‍ ഇവരുടെ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ളവ തടഞ്ഞു വെച്ചിരിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം കാലുമാറിയേക്കുമെന്ന് സംശയമുള്ള ചില എം.എല്‍.എമാരെ മുംബൈ, ദല്‍ഹി എന്നിവിടങ്ങളിലേക്ക് മാറ്റിയതായും സൂചനയുണ്ട്.
134 എം.എല്‍.എമാരില്‍ 133 പേരുടെയും പിന്തുണ തനിക്കുണ്ടെന്നാണ് ശശികലയുടെ അവകാശവാദം. എന്നാല്‍, ഇവരില്‍ അഞ്ച് എം.എല്‍.എമാര്‍ പനീര്‍ശെല്‍വത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. വരും ദിനങ്ങളില്‍ കൂടുതല്‍ പേര്‍ പനീര്‍ശെല്‍വത്തിന് പിന്തുണ അറിയിക്കുമെന്നാണ് അദ്ദേഹത്തോട് അടുത്ത കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ് തനിക്കൊപ്പമുള്ളവരെ എല്ലാ വിധത്തിലും സന്തോഷിപ്പിച്ച് കൂടെനിര്‍ത്താന്‍ ശശികല ശ്രമിക്കുന്നുണ്ട്.
അതേസമയം, ശശികല രഹസ്യ സങ്കേതത്തിലേക്ക് മാറ്റിയ എം.എല്‍.എമാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ മദ്രാസ് ഹൈകോടതിയെ സമീപിച്ചു. ചെന്നൈ സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനുമായ ട്രാഫിക് രാമസ്വാമിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
എഐഎഡിഎംകെ എംഎല്‍എമാരെ ശശികല രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാല്‍ എംഎല്‍എമാര്‍ സ്വതന്ത്രരാണെന്ന് പാര്‍ട്ടി അഭിഭാഷകന്‍ വ്യക്തമാക്കി. എംഎല്‍എമാരെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നത് തെറ്റാണെന്നും അഭിഭാഷകന്‍ പറഞ്ഞു..
















