ചെന്നൈ: എഐഎഡിഎംകെ പിളര്‍ത്തി വേറെ പാര്‍ട്ടി രൂപീകരിക്കില്ലെന്ന് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം. ”പാര്‍ട്ടിയുടെ അടിയുറച്ച പ്രവര്‍ത്തകനാണ് ഞാന്‍. മരണം വരെ അതു തുടരും. പല പൊതുസമ്മേളനങ്ങളിലും അമ്മ (ജയലളിത) പറഞ്ഞിട്ടുണ്ട് നൂറോ, ആയിരമോ വര്‍ഷം കഴിഞ്ഞാലും പാര്‍ട്ടിയും സര്‍ക്കാരും ഉണ്ടാകുമെന്ന്. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ അമ്മ തന്നെ നടത്തി. പാര്‍ട്ടിയെയൊ സര്‍ക്കാരിനെയൊ അപകീര്‍ത്തിപ്പെടുത്തുന്ന ഒന്നും ഞാന്‍ ചെയ്യില്ല”, പനീര്‍ശെല്‍വം ഒരു അഭിമുഖത്തില്‍ പറഞ്ഞു.
അമ്മയുടെ വിശ്വസ്തനായിരുന്നു ഞാന്‍. അവര്‍ ഏല്‍പ്പിച്ച ജോലികളെല്ലാം ചെയ്തു. അവിടെ മറ്റൊന്നും തെരഞ്ഞില്ല. അത് എന്റെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അറിയാം. ഭരണാധികാരിയുടെ ഉത്തരവ് നടപ്പാക്കുകയാണ് കീഴിലുള്ളയാളുടെ ജോലി, ഒരിക്കലും അവരെ ഉപദേശിക്കലല്ല. അമ്മയുടെ രാഷ്‌ട്രീയ കാഴ്ചപ്പാട് പിന്തുടരും. അമ്മ ഒരിക്കലും തന്നെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും പനീര്‍ശെല്‍വം പറഞ്ഞു.
ജയയുടെ പിന്തുടര്‍ച്ചാവകാശി ശശികലയാണെന്ന പ്രചാരണത്തോടും പനീര്‍ശെല്‍വം പ്രതികരിച്ചു. അമ്മ അത് എഴുതി വച്ചിട്ടുണ്ടെങ്കില്‍ നിയമവിദഗ്ധരുടെ സഹായത്തോടെയാകും. അവരാണ് അതിനു മറുപടി പറയേണ്ടത്. അങ്ങനെയൊന്നുണ്ടെങ്കില്‍ എല്ലാവരും അത് അംഗീകരിക്കും. നിയമസഭയില്‍ ശശികലയ്‌ക്ക് നന്ദി പറഞ്ഞത് അവര്‍ അപ്പോള്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായതു കൊണ്ടാണ്. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ അതാണ് ചെയ്യേണ്ടത്. പ്രസംഗത്തില്‍ അമ്മയ്‌ക്കും നന്ദി പറഞ്ഞു.
ലണ്ടനില്‍ നിന്നുള്ള ഡോ. റിച്ചാര്‍ഡ് ബീലിന് വാര്‍ത്താസമ്മേളനം നടത്താന്‍ സൗകര്യമൊരുക്കിയതിനു പിന്നില്‍ പങ്കാളിയായിരുന്നു. രണ്ടു മാസത്തെ ഭരണത്തില്‍ ശശികലയുടെ ഇടപെടലുണ്ടായിട്ടില്ല. ആശുപത്രിയില്‍ ജയയെ സന്ദര്‍ശിക്കാന്‍ അനുവദിച്ചില്ലെന്ന ആരോപണം ആവര്‍ത്തിച്ച പനീര്‍ശെല്‍വം, സഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്നും വ്യക്തമാക്കി.
ശശികല തിരിച്ചെത്തിയത് മാപ്പ് അപേക്ഷിച്ച്
ചെന്നൈ: 2011ല്‍ പാര്‍ട്ടിയില്‍ നിന്ന് ജയലളിത പുറത്താക്കിയ ശശികല ഒരു വര്‍ഷത്തിനു ശേഷം തിരിച്ചെത്തിയത് മാപ്പ് അപേക്ഷിച്ച് കത്തെഴുതിയിട്ടെന്ന് പനീര്‍ശെല്‍വം. ജയയ്‌ക്ക് എഴുതിയ കത്തില്‍ രാഷ്‌ട്രീയത്തില്‍ ചേരാന്‍ താത്പര്യമില്ലെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടി സ്ഥാനങ്ങളോ മന്ത്രിസഭാംഗത്വമോ വേണ്ടെന്നും അവര്‍ എഴുതിയിട്ടുണ്ടെന്നും തന്നെ പിന്തുണയ്‌ക്കുന്നവര്‍ക്കു മുന്നില്‍ കത്ത് വായിച്ച് പനീര്‍ശെല്‍വം പറഞ്ഞു.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിനാണ് ശശികലയെ ജയലളിത പുറത്താക്കിയത്. പോയസ് ഗാര്‍ഡനില്‍ നിന്നു തന്നെ അവരെ പുറത്താക്കി. ജയയുമായി അടുപ്പമുള്ളവര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കി. എന്റെ ജീവിതം അക്കയ്‌ക്കു സമര്‍പ്പിക്കുന്നുവെന്നും അവരുടെ കുഞ്ഞനുജത്തിയായി ജീവിക്കുമെന്നും പറഞ്ഞാണ് മടങ്ങിവരവെന്നും പനീര്‍ശെല്‍വം പറഞ്ഞു.
















