ചെന്നൈ: എഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല നടരാജന്‍ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ 130 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ശശികല അവകാശപ്പെട്ടു.
കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിനു പിന്നാലെ വൈകിട്ട് ഏഴോടെയാണ് ശശികല ഗവര്‍ണറെ കാണാന്‍ രാജ്ഭവനില്‍ എത്തിയത്. ചെന്നൈ മെറീന ബീച്ചിലുള്ള ജയലളിതയുടെ ശവകുടീരത്തിലെത്തി പ്രാര്‍ഥിച്ച ശേഷമായിരുന്നു ശശികലയുടെ രാജ്ഭവനിലെത്തിയത്.
130 എംഎല്‍മാരുടെ പിന്തുണ കത്ത് ശശികല ഗവര്‍ണര്‍ക്ക് കൈമാറി. 10 മന്ത്രിമാരും തന്നോടൊപ്പമുണ്ടെന്ന് ശശികല അവകാശപ്പെട്ടു.
നേരത്തെ ഒ. പനീര്‍ശെല്‍വവും ഗവര്‍ണറെ കണ്ടിരുന്നു. കൂടിക്കാഴ്ചയില്‍ അദ്ദേഹം രാജി പിന്‍വലിക്കാനുള്ള തീരുമാനം ഗവര്‍ണറെ അറിയിച്ചു.
സമ്മര്‍ദത്തെ തുടര്‍ന്നായിരുന്നു രാജിയെന്ന് ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്‌ക്കു ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നല്ലതേ നടക്കൂ, താന്‍ തിരിച്ചുവരുമെന്നും പനീര്‍ശെല്‍വം പറഞ്ഞു. ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുമായുള്ള പനീര്‍ശെല്‍വത്തിന്റെ കൂടിക്കാഴ്ച 10 മിനിറ്റ് നീണ്ടുനിന്നു.
















