ന്യൂദല്‍ഹി: ഇരുപതു വര്‍ഷം മുമ്പ് ദക്ഷിണ ദല്‍ഹിയിലെ ഉപഹാര്‍ സിനിമാ തീയറ്ററിന് തീപിടിച്ചതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 59 പേര്‍ കൊല്ലപ്പെട്ട കേസില്‍ തീയറ്റര്‍ ഉടമകളായ സഹോദരന്മാരില്‍ ഗോപാല്‍ അന്‍സലിന് സുപ്രീം കോടതി ഒരു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. ഗോപാലിന്റെ സഹോദരന്‍ സുശീലിനെ (76) പ്രായം കണക്കിലെടുത്ത് കോടതി തടവുശിക്ഷയില്‍ നിന്ന് ഒഴിവാക്കി.
തീയ്റ്റര്‍ ഉടമകളായ ഗോപാലിനും സുശീലിനും 30 കോടി വീതം പിഴ വിധിച്ച 2015 ലെ ഉത്തരവ് പുനപരിശോധിച്ച കോടതി പിഴ ശിക്ഷ നിലനിര്‍ത്തിക്കൊണ്ടാണ് പുതിയ വിധി പ്രസ്താവിച്ചത്. ഗോപാലിന് കീഴടങ്ങാന്‍ നാലാഴ്ച സമയം അനുവദിച്ചിട്ടുണ്ട്.
കുറ്റകൃത്യത്തിന്റെ ഗാംഭീര്യം കണക്കിലെടുക്കുമ്പോള്‍ എത്രതുക പിഴയായി വിധിച്ചാലും അത് നഷ്ടപ്പെട്ട ജീവിതങ്ങള്‍ക്ക് തുല്യമാകില്ലെന്ന് കോടതി നിരീക്ഷിച്ചു.
2015ലെ വിധിയില്‍ അന്‍സല്‍ സഹോദരന്മാര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയെങ്കിലും അവര്‍ക്ക് തടവ് ശിക്ഷ വിധിച്ചില്ല.കേസുമായി ബന്ധപ്പെട്ട് ജയില്‍ കഴിഞ്ഞ സമയം തടവായി കോടതി പരിഗണിക്കുകയായിരുന്നു. ദുരന്തമുണ്ടായതിനുശേഷം സുശീല്‍ അഞ്ചുമാസവും ഗോപാല്‍ നാലു മാസവും ജയിലില്‍ കിടന്നു.
തീയറ്ററിന്റെ പ്രവേശന കവാടങ്ങളിലൊന്നില്‍ പ്രത്യേക ഇരിപ്പിടം ഉണ്ടാക്കിയതിനാല്‍ 23 കുട്ടികള്‍ക്ക് അപകടസയമത്ത് പുറത്തേയ്‌ക്ക് കടക്കാനായില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അമിതലാഭം കൊയ്യാനാണ് തീയറ്റര്‍ ഉടമകള്‍ പ്രത്യേക ഇരിപ്പിടം നിര്‍മിച്ചതെന്നാണ് പോലീസ് ഭാഷ്യം.
1997 ജൂണ്‍ 13നാണ് ദുരന്തമുണ്ടായത്. ഹിന്ദി സിനിമാ ബോര്‍ഡര്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കെ തീ പടരുകയായിരുന്നു. തിക്കിലും തിരക്കിലുംപെട്ട് 59 പേര്‍ മരിച്ചു. നൂറിലേറെപേര്‍ക്ക് പരുക്കേറ്റു. ദല്‍ഹി പോലീസാണ് ആദ്യം ഈ കേസ് അന്വേഷിച്ചത്. പിന്നീട് സിബിഐ ഏറ്റെടുത്തു.
















