ലക്നോ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള 107 സ്ഥാനാര്‍ഥികളും 256 കോടീശ്വരന്മാരും ജനവിധി തേടുന്നതായി റിപ്പോര്‍ട്ട്. ഇതില്‍ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, പിടിച്ചുപറി എന്നീ കേസുകളിലെ പ്രതികളും ഉള്‍പ്പെടുമെന്ന് ഒരു സാമൂഹിക സംഘടന നടത്തിയ കണക്കെടുപ്പില്‍ വ്യക്തമായി.
രണ്ടാം ഘട്ടത്തില്‍ മത്സരരംഗത്തുള്ള 721 സ്ഥാനാര്‍ഥികളില്‍ നിന്നുള്ള സത്യവാങ്മൂലത്തില്‍ നിന്നാണ് ഈ കണക്കുകള്‍ പുറത്തുവന്നത്.
രണ്ടാം ഘട്ടത്തില്‍ ക്രിമിനലുകളെ മത്സരിപ്പിക്കുന്നതില്‍ ബിഎസ്പിയാണ് ഒന്നാം സ്ഥാനത്ത്. 25 ക്രിമിനലുകളാണ് രണ്ടാം ഘട്ടത്തില്‍ പാര്‍ട്ടിക്ക് വേണ്ടി ജനവിധി തേടുന്നത്. സമാജ്വാദി പാര്‍ട്ടി (21) , കോണ്‍ഗ്രസ്(13), ആര്‍എല്‍ഡി(6) എന്നിങ്ങനെയാണ് മറ്റു പാര്‍ട്ടികളിലെ ക്രിമിനല്‍ സ്ഥാനാര്‍ഥികളുടെ എണ്ണം. രണ്ടാം ഘട്ടത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ശരാശരി ആസ്തി 2.01 കോടി രൂപയാണ്.
















