മാഡ്രിഡ്: സ്പാനിഷ് കിങ്‌സ് കപ്പിന്റെ ഫൈനലില്‍ ബാഴ്‌സലോണ-ഡിപോര്‍ട്ടീവോ അലാവെസ് പോരാട്ടം. മെയ് 27നാണ് ഫൈനല്‍.
സെല്‍റ്റ വീഗോയെ രണ്ടാം പാദത്തില്‍ 1-0ന് പരാജയപ്പെടുത്തിയാണ് അലാവെസ് ക്ലബ്ബിന്റെ 96 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി കിങ്‌സ് കപ്പിന്റെ കലാശപ്പോരാട്ടത്തിന് അര്‍ഹത നേടിയത്. ആദ്യപാദത്തില്‍ ഇരു ടീമുകളും ഗോള്‍രഹിത സമനില പാലിച്ചിരുന്നു. ഇന്നലെ 82-ാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ എഡ്ഗര്‍ മെന്‍ഡെസ് നേടിയ ഗോളിലാണ് അലാവെസ് ചരിത്ര നേട്ടം സ്വന്തമാക്കിയത്.
1921-ല്‍ രൂപം കൊണ്ട അലാവെസ് പത്ത് വര്‍ഷത്തിന് ശേഷം ആദ്യമായാണ് ലാ ലിഗയുടെ ഒന്നാം നിരയിലേക്ക് തിരിച്ചെത്തിയത്. 2001ല്‍ യുവേഫ കപ്പിന്റെ ഫൈനലില്‍ കളിച്ചതിന് ശേഷം ആദ്യമായാണ് അലാവെസ് ഒരു പ്രധാന ടൂര്‍ണമെന്റിന്റെ കലാശക്കളിക്ക് യോഗ്യത നേടുന്നത്. അന്ന് അധിക സമയത്തേക്ക് നീണ്ട മത്സരത്തില്‍ ലിവര്‍പൂളിനോട് 5-4ന് പരാജയപ്പെട്ടു.
കഴിഞ്ഞ ദിവസം നടന്ന രണ്ടാംപാദ സെമിയില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ സമനിലയില്‍ തളച്ചാണ് ബാഴ്‌സലോണ ഫൈനലില്‍ കടന്നത്. ന്യൂകാമ്പില്‍ നടന്ന മത്സരത്തില്‍ ഇരുടീമും ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞെങ്കിലും അത്‌ലറ്റിക്കോയുടെ തട്ടകത്തില്‍ നടന്ന ആദ്യപാദ മത്സരത്തിലെ 2-1ന്റെ ജയം ബാഴ്‌സയ്‌ക്ക് ഫൈനല്‍ ടിക്കറ്റ് സമ്മാനിക്കുകയായിരുന്നു.
















