മീററ്റ്: ശിപായി മംഗള്‍ പാണ്ഡെയുടെ തോക്കില്‍ നിന്നാണ് കൊളോണിയല്‍ അധിനിവേശത്തിലേക്ക് സ്വാതന്ത്ര്യദാഹവുമായി ആദ്യവെടിയുണ്ട പാഞ്ഞുകയറിയത്. മീററ്റിലെ ബലിദാന സ്മാരകത്തില്‍ എന്‍ഫീല്‍ഡ് തോക്കുമായി മുപ്പത് മീറ്റര്‍ ഉയരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മംഗള്‍ പാണ്ഡെയുടെ പ്രതിമ വര്‍ത്തമാന കാലത്തെ യുപിയോട് പലതും പറയുന്നുണ്ട്. 1857ല്‍ സ്വാതന്ത്ര്യ സമരത്തിന് തുടക്കമിട്ട മീററ്റ് ഇത്തവണ സമാജ്‌വാദി പാര്‍ട്ടിയുടെ ക്രിമിനല്‍ ഭരണത്തില്‍ നിന്നും ഉത്തര്‍ പ്രദേശിനെ മോചിപ്പിക്കാനുള്ള ജനാധിപത്യ പോരാട്ടത്തിനും ആരംഭം കുറിക്കുന്നു.
ലക്‌നൗ പിടിച്ചെടുക്കാനുള്ള തെരഞ്ഞെടുപ്പ് യുദ്ധത്തില്‍ മീററ്റ് ഉള്‍പ്പെടെ ആദ്യഘട്ടത്തില്‍ 15 ജില്ലകള്‍ നാളെ വിധിയെഴുതും. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ പശ്ചിമ യുപിയിലെ 73 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് നാളെ വോട്ടെടുപ്പ്. അമ്പാടിക്കണ്ണന്റെ ജന്മസ്ഥലമായ മധുരയും താജ്മഹലിന്റെ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ആഗ്രയും മാത്രമല്ല, വര്‍ഗ്ഗീയ കലാപം തകര്‍ത്തെറിഞ്ഞ മുസഫര്‍നഗറും ഹിന്ദുക്കളുടെ കൂട്ടപ്പലായനത്തിന് സാക്ഷ്യം വഹിക്കുന്ന കൈരാനയും വിധിയെഴുത്തിന് ഒരുങ്ങിക്കഴിഞ്ഞു.
പശ്ചിമ യുപിയിലെ ഗംഗയുടെയും യമുനയുടെയും തീരത്തെ കാര്‍ഷിക ഗ്രാമങ്ങള്‍ സംസ്ഥാനത്തെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് മുന്നിലാണ്. കരിമ്പ്, ഗോതമ്പ് കൃഷികളാണ് പ്രധാനമെങ്കിലും ഗാസിയാബാദ്, നോയിഡ, മോറാദാബാദ്, ആഗ്ര എന്നിവ വ്യാവസായിക നഗരങ്ങളായി വളര്‍ന്നിട്ടുണ്ട്. സംസ്ഥാനത്തെ 60 മികച്ച നഗരങ്ങളില്‍ ഇരുപതും 13 നഗരസഭകളില്‍ നാലും ഇവിടെയാണ്. മറ്റിടങ്ങളില്‍ നിന്നുള്ള കുടിയേറ്റവുമുണ്ട്. ഇത്തരത്തില്‍ 20 ലക്ഷത്തോളം ആളുകള്‍ ചേരികള്‍ക്ക് സമാനമായ ജീവിതം നയിക്കുന്നു. പഞ്ചസാര മില്ലുകള്‍ കരിമ്പ് കര്‍ഷകര്‍ക്ക് പണം നല്‍കാന്‍ വര്‍ഷങ്ങള്‍ വൈകുന്നതും കൃഷിക്ക് വെള്ളം ലഭിക്കാത്തതും തെരഞ്ഞെടുപ്പ് വിഷയങ്ങളാണ്.
ദല്‍ഹിയോട് ചേര്‍ന്നു കിടക്കുന്ന പശ്ചിമ യുപി ബിജെപിയുടെ എന്നത്തെയും ശക്തികേന്ദ്രമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമ്പത് ശതമാനത്തിലധികം വോട്ടുകള്‍ ബിജെപി നേടി. വിജയത്തുടര്‍ച്ച ലക്ഷ്യമിടുന്ന പാര്‍ട്ടി പ്രചാരണം അവസാനിച്ചപ്പോള്‍ ആവേശത്തിലാണ്. മോദിയുടെയും അമിത് ഷായുടെയും റാലികള്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. എസ്പിയുടെ മന്ത്രിയും ആറ് തവണ എംഎല്‍എയുമായിരുന്ന രാജാ മഹേന്ദ്ര അരിദമന്‍ സിങ്ങും ഭാര്യയും ഇവിടെ ബിജെപിയിലെത്തിയത് യുപിയെ ഞെട്ടിച്ചിരുന്നു.
എസ്പിയില്‍ അഖിലേഷിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ അരിദമനും ശിവ്പാലിന്റെ പട്ടികയില്‍ ഭാര്യയും ഉണ്ടായിരുന്നു. ഇത് നിരസിച്ചാണ് ഇരുവരും ബിജെപിയില്‍ ചേര്‍ന്നത്. ഭാര്യ ബിജെപി ടിക്കറ്റില്‍ മത്സരിക്കും.
ഹിന്ദു ഭൂരിപക്ഷ മേഖലയായ പശ്ചിമ യുപിയില്‍ 17 ശതമാനമുള്ള ജാട്ട് വിഭാഗമാണ് വിധി നിര്‍ണയിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇവര്‍ ബിജെപിക്കൊപ്പമായിരുന്നു. മുസ്ലിം പ്രീണന നടപടികളും കലാപങ്ങളും ജാട്ടുകളെ സമാജ്‌വാദി പാര്‍ട്ടിക്ക് എതിരാക്കുന്നു. ബിഎസ്പിക്കും കോണ്‍ഗ്രസ്സിനും ഇവിടെ സ്വാധീനമില്ല. ജാട്ട് വിഭാഗത്തിന്റെ പാര്‍ട്ടിയായാണ് അജിത് സിങ്ങിന്റെ രാഷ്‌ട്രീയ ലോക്ദള്‍ അറിയപ്പെടുന്നതെങ്കിലും പഴയ പ്രതാപമില്ല. ലോക്‌സഭാ തെരെഞ്ഞടുപ്പില്‍ കോണ്‍ഗ്രസ്സിനൊപ്പം ചേര്‍ന്ന് മത്സരിച്ച ആര്‍എല്‍ഡിക്ക് ഒറ്റ സീറ്റുപോലും ലഭിച്ചില്ല. അജിത് സിങ്ങും മകന്‍ ജയന്ത് ചൗധരിയും ഉള്‍പ്പെടെ തോറ്റു. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് യുപിഎ സര്‍ക്കാര്‍ ജാട്ടുകളെ ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയപ്പോഴായിരുന്നു കനത്ത തോല്‍വി.
കണ്ണീരുണങ്ങാതെ മുസാഫര്‍ നഗറും കൈരാനയും
കഴിഞ്ഞ വര്‍ഷം യുപിയിലാണ് രാജ്യത്ത് ഏറ്റവുമധികം വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ നടന്നത്. 162 സംഘര്‍ഷങ്ങളില്‍ 29 പേര്‍ കൊല്ലപ്പെട്ടു. 2013ല്‍ മുസാഫര്‍ നഗറില്‍ നഷ്ടപ്പെട്ടത് 64 ജീവന്‍. അരലക്ഷത്തോളം പേര്‍ പലായനം ചെയ്തു. ക്രിമിനലുകള്‍ നേതാക്കളായിട്ടുള്ള സമാജ്‌വാദി പാര്‍ട്ടിയുടെ ഭരണത്തില്‍ ക്രമസമാധാനം തകര്‍ന്നു.
തുടക്കത്തിലെ സംഭവങ്ങളില്‍ പോലീസ് കര്‍ശന നടപടി സ്വീകരിച്ചിരുന്നുവെങ്കില്‍ വലിയ കലാപം ഒഴിവാകുമായിരുന്നുവെന്ന് കരുതുന്നവര്‍ ഗ്രാമത്തിലുണ്ട്. ഇരകളെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഗ്രാമം വിട്ടവരെ മടക്കിക്കൊണ്ടുവരാന്‍ നടപടിയില്ല. നഷ്ടം മാത്രമാണ് കലാപം വരുത്തിവച്ചതെന്ന് നാട് തിരിച്ചറിയുന്നു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചെങ്കിലും സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനാല്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകുന്നു. കലാപം ബിജെപിക്കെതിരെ തിരിച്ചുവിടാനായിരുന്നു എസ്പിയുടെ ശ്രമം. എസ്പിയുടെ സിറ്റിംഗ് സീറ്റായിരുന്ന മുസഫര്‍ഗനഗറില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആറായിരം വോട്ടുകള്‍ക്ക് ജയിച്ച് ബിജെപി മറുപടി നല്‍കി.
ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബിജെപിക്കായിരുന്നു വിജയം. കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാനാണ് എംപി. മുസാഫര്‍ നഗറില്‍ നിന്നും ഒന്നരമണിക്കൂര്‍ ദൂരമാണ് കൈരാനയിലേക്ക്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കൈരാനയിലെ ഹിന്ദുക്കളുടെ പലായനം ബിജെപി എംപിയായ ഹുക്കും സിങ്ങാണ് വിഷയമാക്കിയത്. കൈരാന ഉപേക്ഷിച്ച 350ഓളം കുടുംബങ്ങളുടെ പട്ടിക എംപി പുറത്തുവിട്ടു. അമ്പതോളം ക്രിമിനല്‍ കേസുകളുള്ള മുകിം കാലയെന്ന ഗുണ്ടയാണ് കൈരാനയെ മറ്റൊരു കശ്മീരാക്കിയത്.
2001 സെന്‍സസ് പ്രകാരം 52 ശതമാനം ഹിന്ദുക്കളും 48 ശതമാനം മുസ്ലിങ്ങളുമാണ് കൈരാനയിലുണ്ടായിരുന്നത്. 2011ല്‍ ഹിന്ദുക്കള്‍ 30 ശതമാനവും മുസ്ലിങ്ങള്‍ 68 ശതമാനവുമായി. കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ട് അനുസരിച്ച് എട്ട് ശതമാനം മാത്രമാണ് ഹിന്ദു ജനസംഖ്യ. മുസ്ലിങ്ങള്‍ 92 ശതമാനവും. ദേശീയ മനുഷ്യാവകാശ കമ്മീഷനും ഹിന്ദുക്കളുടെ കൂട്ടപ്പലായനം ശരിവെക്കുന്നു. എന്നാല്‍ എസ്പിക്കും ബിഎസ്പിക്കും കോണ്‍ഗ്രസ്സിനും ഇത് ബിജെപിയുടെ അജണ്ട മാത്രമാണ്.
















