ചെന്നൈ: പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ. ശശികല സമര്‍പ്പിച്ച 134 എംഎല്‍എമാരുടെ ഒപ്പുവിവരങ്ങള്‍ പരിശോധിക്കുമെന്ന് തമിഴ്നാട് ഗവര്‍ണര്‍ സി. വിദ്യാസാഗര്‍റാവു അറിയിച്ചു. സ്പീക്കറുടെ സാന്നിധ്യത്തിലായിരിക്കും ഒപ്പുകള്‍ പരിശോധിക്കുക.
മാറ്റിപാര്‍പ്പിച്ചിരിക്കുന്ന എംഎല്‍എമാരെ ഉടന്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഗവര്‍ണറുടെ നടപടി. മുഴുവന്‍ എംഎല്‍എമാരോടും നേരിട്ട് ഹാജരാകാന്‍ ഗവര്‍ണര്‍ ആവശ്യപ്പെടാനുള്ള സാധ്യതയും തള്ളികളയാനാകില്ല.
വ്യാഴാഴ്ചയാണ് 134 എംഎല്‍എമാരുടെ പിന്തുണ അവകാശപ്പെട്ട് അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ. ശശികല ഗവര്‍ണ്ണര്‍ക്ക് പട്ടിക കൈമാറിയത്
എന്നാല്‍ എംഎല്‍എമാരെ ഭീഷണിപ്പെടുത്തിയാണ് ശശികല ഒപ്പു വാങ്ങിയതെന്ന് ആരോപണവുമായി കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വം രംഗത്തെത്തിയതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ ഒപ്പ് പരിശോധിക്കാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം പനീര്‍ശെല്‍വവും ഗവര്‍ണറെ കണ്ടിരുന്നു. രാജി വയ്‌ക്കേണ്ട സാഹചര്യം വിശദീകരിച്ച പനീര്‍ശെല്‍വം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ തയ്യാറാണെന്നും അറിയിച്ചു. ശശികലയുടെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് തനിക്ക് രാജി വയ്‌ക്കേണ്ടി വന്നതെന്നും രാജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്നും പനീര്‍ശെല്‍വം ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചു. അതിനിടെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുന്ന 129 എംഎല്‍എമാരില്‍ 30 പേര്‍ ഉപവാസം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. തങ്ങള്‍ക്കും സ്വന്തമായി നിലപാടുകളുണ്ടെന്നും അത് വ്യക്തമാക്കാന്‍ അവസരം തരണമെന്നും ആവശ്യപ്പെട്ടാണ് നിരാഹാരം.
എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്ന മഹാബലിപുരത്തെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ ജയിലിനു സമാനമാണ് അവസ്ഥയെന്നാണ് റിപ്പോര്‍ട്ടുകള്‍. റിസോര്‍ട്ടിലും പരിസരപ്രദേശങ്ങളിലും മൊബൈല്‍ ജാമറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. റിസോര്‍ട്ടിന്റെ മതിലുകള്‍ കനത്ത സുരക്ഷയിലാണ്. നിതാന്ത നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മതില്‍ ചാടി എംഎല്‍എമാര്‍ രക്ഷപ്പെടുന്നത് തടയാന്‍ വേണ്ടി ആയുധങ്ങളുമായാണ് മതിലിനു പുറത്തും അകത്തുമായി എഐഎഡിഎംകെ പ്രവര്‍ത്തകര്‍ നില്‍ക്കുന്നത്. ഇത് ശശികലയുടെ ഗുണ്ടകളാണെന്നും റിപ്പോര്‍ട്ടുണ്ട്.
റിസോര്‍ട്ടില്‍ മൊബൈല്‍ ഫോണ്‍ കിട്ടില്ലെന്നു മാത്രമല്ല, എല്ലാ ലാന്‍ഡ് ലൈന്‍ കണക്ഷനുകളും വിഛേദിച്ചിട്ടുണ്ട്. റിസോര്‍ട്ടിലുള്ള ജീവനക്കാരുടെ ഫോണുകളും വാങ്ങിവച്ചിരിക്കുന്നതായണ് റിപ്പോര്‍ട്ട്. റിസോര്‍ട്ടിന്റെ രണ്ടു കിലോമീറ്റര്‍ ചുറ്റളവ് മുഴുവന്‍ ഗുണ്ടകളുടെ നിയന്ത്രണത്തിലാണ്. ശശികല നിയോഗിച്ച പലരും തമിഴ്‌നാടിനു പുറത്തുനിന്നു വന്നവരാണെന്നാണ് അഭ്യൂഹം. കല്‍പാക്കം-പൂവത്തൂര്‍ റോഡിലാണ് ഗോള്‍ഡന്‍ ബേ റിസോര്‍ട്ട്. ഒരു തടാകത്തിന്റെ തീരത്താണ് ഇത്.
വാര്‍ത്താലേഖകരെ ഒരു കാരണവശാലും ഈ പ്രദേശത്തേക്ക് അടുപ്പിക്കാതിരിക്കാന്‍ ശശികല പ്രത്യേക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
















