ചെന്നൈ: അണ്ണാ ഡിഎംകെയുടെ 130 എംഎല്‍എമാര്‍ എവിടെയെന്ന് മദ്രാസ് ഹൈക്കോടതി. എംഎല്‍എമാരെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ചോദ്യം.
എംഎല്‍എമാരെക്കുറിച്ച് വിവരങ്ങള്‍ അറിയിക്കാന്‍ പോലീസിനോട് കോടതി ആവശ്യപ്പെട്ടു. എംഎല്‍എമാരെ ശശികല തടവില്‍ പാര്‍പ്പിച്ചിരിക്കുന്നുവെന്നാണ് ഹര്‍ജിയിലെ ആരോപണം.
വ്യാഴാഴ്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ചപ്പോള്‍ എംഎല്‍എമാര്‍ എല്ലാം സ്വതന്ത്രരാണെന്നും അവര്‍ എംഎല്‍എ ഹോസ്റ്റലുകളില്‍ ഉണ്ടെന്നുമാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. ഇതേതുടര്‍ന്നാണ് ഹര്‍ജി ഇന്നത്തേക്ക് മാറ്റിയത്.
അതേസമയം, ശശികല മുഖ്യമന്ത്രിയാകുന്നതു തടയണമെന്നാവശ്യപ്പെട്ടു സുപ്രീം കോടതിയിലെത്തിയ ഹര്‍ജി കോടതി ഉടനെ പരിഗണിക്കില്ല. ശശികലയ്‌ക്കെതിരായ അനധികൃത സ്വത്ത് കേസില്‍ വിധി വരാന്‍ പോകുന്നതിനാലാണ് ഈ ഹര്‍ജി തല്‍ക്കാലത്തേക്ക് മാറ്റിയത്.
പനീര്‍ശെല്‍വവും ശശികലയും മന്ത്രിസഭയുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചു ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവുവിനെ കണ്ടെങ്കിലും അദ്ദേഹം ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല.
അതിനിടെ തനിക്കൊപ്പം ഉണ്ടെന്നു പറയുന്ന എംഎല്‍എമാരെ ശശികല ബന്ദിയാക്കിവച്ചിരിക്കുകയാണെന്ന ആരോപണവുമായി പനീര്‍ശെല്‍വത്തിന്റെ ക്യാമ്പ് രംഗത്തെത്തി. ഇവരെ രഹസ്യമായി പാര്‍പ്പിച്ചിരിക്കുന്ന റിസോര്‍ട്ടുകളില്‍ ഫോണും ടെലിവിഷനും നല്‍കാതെ തടവിലാക്കിയിരിക്കുകയാണെന്നും ഗവര്‍ണര്‍ ഇടപെടണമെന്നുമാണ് പനീര്‍ശെല്‍വത്തിനൊപ്പം നില്‍ക്കുന്നവരുടെ ആവശ്യം. തടഞ്ഞുവയ്‌ക്കപ്പെട്ട എംഎല്‍എമാരില്‍ ഒരു വിഭാഗം കടുത്ത പ്രതിഷേധത്തില്‍ ആണെന്നും ഇവര്‍ ഉപവാസത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
















