ന്യൂദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ അണ്ടര്‍ 17 ഫിഫ ലോകകപ്പിന്റെ ഭാഗ്യമുദ്ര കേന്ദ്ര കായികമന്ത്രി വിജയ് ഗോയലും ഐഐഎഫ്എഫ് പ്രസിഡന്റ് പ്രഫുല്‍ പട്ടേലും ചേര്‍ന്ന് പുറത്തിറക്കിയപ്പോള്‍
ന്യൂദല്‍ഹി: ഈ വര്‍ഷം ഒക്ടോബറില്‍ നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന്റെ ഭാഗ്യമുദ്ര പുറത്തിറക്കി. ‘ഖേലിയോ’ എന്ന് പേരിട്ടിരിക്കുന്ന പുള്ളിപ്പുലിയുടെ രൂപത്തിലുള്ള ഭാഗ്യമുദ്ര ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങിലാണ് പുറത്തിറക്കിയത്. കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍, ഐഐഎഫ്എഫ് പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. നേരത്തെ കൊച്ചിയില്‍ നടത്താനുദ്ദേശിച്ച ചടങ്ങ് പിന്നീട് ദല്‍ഹിയിലേക്ക് മാറ്റുകയായിരുന്നു.
ഇന്ത്യ ആതിഥേയരായ കായിക മത്സരങ്ങളില്‍ ഇതുവരെ ഉണ്ടായതില്‍ വെച്ച് മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഭാഗ്യമുദ്രയാണ് ഖേലിയോയെന്നും ഇന്ത്യയുടെ യുവത്വത്തിന്റെ അടയാളമാണ് ഈ ഭാഗ്യമുദ്രയെന്നും വിജയ് ഗോയല്‍ പറഞ്ഞു. ഒക്ടോബര്‍ ആറു മുതല്‍ 28 വരെ ഇന്ത്യയിലെ വിവിധ നഗരങ്ങളിലാണ് അണ്ടര്‍-17 ലോകകപ്പ് നടക്കുന്നത്. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയവും ലോകകപ്പിന്റെ വേദിയാണ്.
















