ഷിര്‍ദി: ഇറ്റലിക്കാരിയായ ഭക്ത സായി ബാബയ്‌ക്ക് 28 ലക്ഷം രുപ വിലമതിക്കുന്ന സ്വര്‍ണ്ണകിരീടം സംഭാവനയായി നല്‍കി. ഷിര്‍ദിയിലെ സായിബാബയുടെ ക്ഷേത്രത്തിലെത്തിയാണ് സെലിനി ഡൊളോറാസ്(72) എന്ന ഇവര്‍ സംഭാവന നല്‍കിയത്. 855 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ കിരീടത്തില്‍ രത്നങ്ങളും പതിച്ചിട്ടുണ്ട്.
ഒമ്പതു വര്‍ഷമായി സായിബാബയുടെ കടുത്ത ഭക്ത കൂടിയായ ഇവര്‍ തന്റെ പേര് സായ് ദുര്‍ഗയെന്നു മാറ്റിയിരുന്നു. എല്ലാ മാസവും ഇവര്‍ സായിബാബയുടെ ക്ഷേത്രം സന്ദര്‍ശിക്കാറുമുണ്ട്.
ഇതിനുമുമ്പ് സ്വര്‍ണം പൂശിയ 25 ലക്ഷം രൂപ വിലമതിക്കുന്ന രണ്ടു രുദ്രാക്ഷങ്ങളും ഇവര്‍ ക്ഷേത്രത്തിനു നല്‍കിയിരുന്നു. ഇറ്റലിയില്‍ വലിയൊരു സായിബാബ ക്ഷേത്രം പണിയുകയാണ് ഇനി തന്റെ ലക്ഷ്യമെന്ന് ഡൊളോറാസ് പറഞ്ഞു. ഇതിന്റെ മാതൃക സായിബാബയുടെ പ്രതിഷ്ഠയുടെ കാല്‍ക്കല്‍ വച്ച് അനുഗ്രഹം വാങ്ങിക്കാന്‍ കൂടിയാണ് ഷിര്‍ദിയിലെത്തിയതെന്നും അവര്‍ പറഞ്ഞു.
















