തിരുവനന്തപുരം: ആയുര്‍വേദപഠനത്തില്‍ പ്രാചീനഗുരുകുലസമ്പ്രദായം മടക്കിക്കൊണ്ടുവരണമെന്ന് അവിനാശിലിംഗം സര്‍വകലാശാല ചാന്‍സിലറും കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി എംഡിയുമായ ഡോ പി.ആര്‍. കൃഷ്ണകുമാര്‍. തിരുവനന്തപുരത്ത് വിദ്യാര്‍ഥി സേവാ ട്രസ്റ്റും വഞ്ചിപൂവര്‍ ഫണ്ടും സംയുക്തമായി സംഘടിപ്പിക്കുന്ന ശാസ്ത്രപ്രദര്‍ശനം ജിജ്ഞാസ 2017 ലെ ആയുര്‍വേദ ആചാര്യസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രാചീന സമ്പ്രദായത്തില്‍ ആയുര്‍വേദം പഠിപ്പിക്കുന്ന അഞ്ചുകോളേജുകള്‍ തുടങ്ങാന്‍ തയ്യാറാണ്. ജാതിമതവര്‍ഗവര്‍ണലിംഗ ഭേദങ്ങളില്ലാതെ താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കും. ആയുര്‍വേദത്തോടൊപ്പം ധര്‍മശാസ്ത്രപഠനത്തിനും പ്രാധാന്യം നല്‍കണം. ഈ പഠനങ്ങളില്‍ സംസ്‌കൃതം ഒഴിവാക്കാനാകില്ല. വിദേശത്ത് ക്രിസ്ത്യന്‍ മിഷണറിമാര്‍ നടത്തുന്ന കോണ്‍വെന്റ് വിദ്യാലയങ്ങളില്‍ പോലും സംസ്‌കൃതപഠനം നിര്‍ബന്ധമാണ്.
നല്ല വൈദ്യനാകണമെങ്കില്‍ വേദം പഠിക്കണം. അഥര്‍വവേദം 134 തരം വൈറസുകളെ പേരെടുത്ത് പറഞ്ഞ് വിശദീകരിച്ച് അവയുടെ നിര്‍മാര്‍ജന മാര്‍ഗവും വ്യക്തമാക്കുന്നു. ഇതൊന്നും അന്ധവിശ്വാസമല്ല. ശാസ്ത്രത്തെ മതവുമായി കൂട്ടിക്കുഴയ്‌ക്കരുത്. 64 കലകളുടെയും ശാസ്ത്രങ്ങളുടെയും നാടാണ് ഭാരതം. സമീപകാലം വരെ ഭാരതത്തില്‍ വിദ്യാര്‍ഥികളില്ലാതെ ആയുര്‍വേദപഠനം അത്യാസന്ന നിലയിലായിരുന്നു. ഇന്ന് സ്ഥിതി മാറി. ലോകവ്യാപകമായി ആയുര്‍വേദത്തിന്റെ മഹത്ത്വം തിരിച്ചറിയപ്പെട്ടു. 77 രാജ്യങ്ങള്‍ അര്‍ബുദചികിത്സയ്‌ക്ക് കോയമ്പത്തൂര്‍ ആര്യവൈദ്യഫാര്‍മസിയുമായി സഹകരിക്കുന്നു.
എന്നാല്‍ കേരളത്തില്‍ നിന്ന് ആയുര്‍വേദം ആഴത്തില്‍ പഠിക്കാന്‍ വിദ്യാര്‍ഥികള്‍ കുറവാണെന്നത് ദുഃഖകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഒ. രാജഗോപാല്‍ എംഎല്‍എ മുഖ്യാതിഥിയായിരുന്നു. മുന്‍ ആയുര്‍വേദ മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ പി. ശങ്കരന്‍കുട്ടി ആധ്യക്ഷം വഹിച്ചു. നിലവിലെ ആയുര്‍വേദ മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ പി.കെ. അശോക്, എബിവിപി ദേശീയ ജനറല്‍സെക്രട്ടറി വിനയ് ബിദ്രെ, ജിജ്ഞാസ 2017 ജനറല്‍സെക്രട്ടറി ഡോ ടി.ജി. വിനോദ്കുമാര്‍, സംസ്ഥാന കണ്‍വീനര്‍ ഡോ ആദര്‍ശ് സി. രവി എന്നിവര്‍ സംസാരിച്ചു.
ഡോ ടി.ജി. വിനോദ്കുമാര്‍ പൊന്നാട അണിയിച്ചും ഫലകം നല്‍കിയും ഡോ പി.ആര്‍. കൃഷ്ണകുമാറിനെ ആദരിച്ചു.
ഒ. രാജഗോപാലിനെ ശാസ്ത്രജ്ഞന്‍ ഡോ ആര്‍. കിഷോര്‍ കുമാറും അമിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്‌നോളജി ഡയറക്ടര്‍ ജനറലിനെ വിദ്യാര്‍ഥിസേവാട്രസ്റ്റ് സെക്രട്ടറി ഡോ ബി.ആര്‍. അരുണും ഡോ പി.കെ. അശോകിനെ എബിവിപി സംസ്ഥാന സെക്രട്ടറി ശ്യാംരാജും വിനയ് ബിദ്രെയെ ഡോ ആദര്‍ശ് സി. രവിയും പൊന്നാട അണിയിച്ചും ഫലകം നല്‍കിയും ആദരിച്ചു.















