ന്യൂദല്‍ഹി: വിമാനം പുറപ്പെടുന്നതിന് മുന്‍പ് ഒരു യാത്രക്കാരന്‍ എമര്‍ജന്‍സി വാതില്‍ തുറന്നത് പരിഭ്രാന്ത്രി സൃഷ്ടിച്ചു. എമര്‍ജന്‍സി വാതില്‍ തുറന്നതിനെത്തുടര്‍ന്ന് മറ്റൊരു യാത്രക്കാരന് പരിക്കേറ്റു. 6ഇ 4134 ഇന്‍ഡിഗോ മുംബൈ-ചണ്ഡിഗഡ് വിമാനത്തിലാണ് സംഭവം.
വിമാനത്തില്‍ യാത്രക്കാരെല്ലാം കയറി പുറപ്പെടുന്നതിനുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ് 12സി സീറ്റിലിരുന്ന യാത്രക്കാരന്‍ പെട്ടെന്ന് എമര്‍ജന്‍സി വാതില്‍ തുറന്നത്. ഇത്കണ്ട വിമാന ജീവനക്കാര്‍ ഉടനെ ക്യാപ്ടനെ വിവരമറിയിച്ചു. വാതില്‍ തുറന്നതിനെത്തുടര്‍ന്ന് 12എ സീറ്റിലിരുന്ന യാത്രക്കാരന് പരിക്കേല്‍ക്കുകയും ചെയ്തു. ക്യാപ്ടന്‍ ഉടനെ തന്നെ ഗ്രൗണ്ട് സ്റ്റാഫിനെ വിവരമറിയിക്കുകയും അടിയന്തര മെഡിക്കല്‍ സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്തു.
വിമാനത്തിലുണ്ടായിരുന്ന 176 യാത്രക്കാരെയും ക്യാപ്ടന്‍ വിവരമറിയിക്കുകയും എന്‍ജിന്‍ ഓഫ് ചെയ്യുകയും ചെയ്തു. എമര്‍ജന്‍സി വാതില്‍ തുറന്ന യാത്രക്കാരനെ വിമാന ജീവനക്കാര്‍ മുംബൈ വിമാനത്താവളത്തിലെ സിഐഎസ്എഫിന് കൈമാറി. മോശമായ പ്രവൃത്തി കാണിച്ച .യാത്രക്കാരനെതിരെ ഇന്‍ഡിഗോ എഫ്‌ഐആര്‍ ഫയല്‍ ചെയ്തു.
















